താലൂക്ക് ആശുപത്രിയില്‍ എ.സി സൗകര്യമില്ല; ലാബ് മെഷീന്‍ ആഴ്ചകളായി പെട്ടിയില്‍തന്നെ
കൊണ്ടോട്ടി: താലൂക്ക് ആശുപത്രിയില്‍ കരള്‍, വൃക്ക തുടങ്ങിയവയിലെ രോഗങ്ങള്‍ കണ്ടെത്തുന്നതിന് പുതുതായി ലഭ്യമാക്കിയ ലാബ് മെഷീന്‍ ആഴ്ചകളായിട്ടും കട്ടപ്പുറത്ത് നിന്ന് നീങ്ങുന്നില്ല. ജര്‍മനില്‍ നിന്നെത്തിച്ച ബയോ കെമിസ്ട്രി ഫുള്ളി ഓട്ടോമാറ്റിക് അനലൈസര്‍ എന്ന മെഷീന്‍ ആണ് ലാബിന് പുറത്ത് കൊണ്ടുവന്ന പെട്ടിപൊളിക്കാതെ അനാഥമായി കിടക്കുന്നത്. ജില്ലയില്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും മഞ്ചേരി മെഡിക്കല്‍ കോളജിലും മാത്രമാണ് ഇത്തരം മെഷീനുള്ളത്.
മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി, വെള്ളം, ഫ്രിഡ്ജ്, കെമിക്കലുകള്‍ തുടങ്ങിയവയെല്ലാം സുീകരിച്ചിട്ടുണ്ടെങ്കിലും മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്ന മുറിയില്‍ എ.സി ഘടിപ്പിക്കാത്തതാണ് പ്രശ്‌നമായിരിക്കുന്നത്. എ.സി വാങ്ങുന്നതിനുള്ള നടപടികള്‍ക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് ആവശ്യമായ ഫണ്ട് ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. മെഷീന്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസം എന്‍ജിനിയര്‍മാര്‍ എത്തിയിരുന്നെങ്കിലും എ.സി സ്ഥാപിക്കാത്തതിനാല്‍ മടങ്ങി.
കരള്‍, വൃക്ക തുടങ്ങിയവയിലെ രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള സമഗ്ര ടെസ്റ്റുകള്‍ പുതിയ മെഷീന്‍ ഉപയോഗിച്ച് നടത്താനാകും. കൃത്യമായ ഫലം ലഭിക്കുന്നതോടൊപ്പം പ്രതിദിനം കൂടുതല്‍ ടെസ്റ്റ് നടത്താനും കഴിയും. രക്തസാംപിള്‍ നല്‍കിയ ശേഷം ഫലം പെട്ടെന്ന് ലഭ്യമാക്കാനാകുമെന്നതിനാല്‍ രോഗികള്‍ക്ക് കാത്തിരിക്കേണ്ട ആവശ്യമില്ല.
അന്തരീക്ഷ ഊഷ്മാവ് ഫലത്തിനെ ബാധിക്കുമെന്നതിനാല്‍ ശീതീകരിച്ച മുറിയിലാണ് മെഷീന്‍ സൂക്ഷിക്കേണ്ടത്. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി എ.സി വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടികളെടുക്കാത്തതാണ് പ്രശ്‌നമാകുന്നത്. മെഷിന്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സോഫ്റ്റ് വെയറും ബില്ലിങ് സോഫ്റ്റ് വെയറും ഇതുവരെ തയാറാക്കിയിട്ടുമില്ല.
സ്വകാര്യ ലാബുകളില്‍ ടെസ്റ്റുകള്‍ക്ക് ഈടാക്കുന്ന തുകയുടെ മൂന്നിലൊന്നാണ് താലൂക്ക് ആശുപത്രിയിലെ ലാബ് ഈടാക്കുന്നത്. പ്രതിദിനം 150-ലേറെ ടെസ്റ്റുകള്‍ നിലവില്‍ ആശുപത്രിയിലെ ലാബില്‍ നടത്തുന്നുണ്ട്. പുതിയ മെഷീന്‍ ഉപയോഗിച്ചാല്‍ ടെസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനാകും.
രണ്ട് സ്ഥിരം ജീവനക്കാരും രണ്ട് താല്‍ക്കാലിക ജീവനക്കാരുമടക്കം നാലുപേരാണ് ലാബിലുള്ളത്. ഇപ്പോള്‍ രണ്ടുവരെയാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. ഒരാളെ കൂടി നിയമിക്കുകയാണെങ്കില്‍ വൈകിട്ട് ആറുവരെ പ്രവര്‍ത്തിക്കാനാകും. ആശുപത്രിയില്‍ പരിശോധന വൈകുന്നേരവും തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."