അതിര്‍ത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ വിലയിരുത്താന്‍ കര്‍ശന നടപടി: മന്ത്രി കെ. രാജു
തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലിന്റെ ഗുണമേന്മ വിലയിരുത്താന്‍ ചെക്‌പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധന ഏര്‍പ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.
പാറശാലയില്‍ പുതിയ ചെക്‌പോസ്റ്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ജില്ലാ മൃഗസംരക്ഷണ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലിന്റെ ഗുണമേന്മ ഉറപ്പു വരുത്തിയശേഷമേ സംസ്ഥാനത്തേക്ക് കടത്തിവിടാന്‍ അനുവദിക്കൂ. ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒരു വെറ്ററിനറി ആശുപത്രി എന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാല്‍ വിസ്തൃതി കൂടിയതും കന്നുകാലികള്‍ കൂടുതലുമുള്ള പഞ്ചായത്തുകളില്‍ ഒന്നിലധികം വെറ്ററിനറി ആശുപത്രികള്‍ സ്ഥാപിക്കും.
കാലാവസ്ഥാ വ്യതിയാനം കന്നുകാലികളേയും ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് പുതിയ പ്രജന ന നയം കൊണ്ടുവരാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
ദേശീയനയം വ്യക്തമാക്കുന്ന പോലെ നാടന്‍പശുക്കളെ വളര്‍ത്താന്‍ കര്‍ഷകര്‍ തയാറാകണം. കന്നുകാലികളുടെ എണ്ണം കുറഞ്ഞു വരുന്ന സ്ഥിതി അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പോലും പശു, കോഴി വളര്‍ത്തലിനു തയാറാകണം. പാല്‍, മുട്ട, ഇറച്ചി എന്നിവയില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകണം. എല്ലാവരും കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."