ജി.എസ്.ടി: ഉല്‍പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചു
ന്യൂഡല്‍ഹി: ശ്രീനഗറില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ ഉല്‍പന്നങ്ങളുടെ നികുതി നിരക്ക് നിശ്ചയിച്ചു. ആറ് ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. 81 ശതമാനം സാധനങ്ങളുടെയും നികുതി 18 ശതമാനത്തിനു താഴെയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കശ്മീരിലെ ശ്രീനഗറില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി ഉന്നതാധികാര സമിതി രൂപം നല്‍കിയ ജി.എസ്.ടിയുടെ അടിസ്ഥാനഘടനയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. 1211 വസ്തുക്കളുടെ നികുതിയുടെ കാര്യത്തിലാണ് ഇന്നലെ തീരുമാനമായത്. 80- 90 ശതമാനം സാധനങ്ങള്‍ക്കും അഞ്ചു മുതല്‍ 28 ശതമാനം വരെയുള്ള നാലു സ്ലാബുകളിലായി നികുതി ഈടാക്കും. ദൈനംദിന ഉപയോഗത്തിനുള്ള അവശ്യ വസ്തുക്കളുടെ നികുതി ഏറ്റവും താഴ്ന്ന തട്ടായ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്താന്‍ ധാരണയായി.
രജിസ്‌ട്രേഷന്‍, റിട്ടേണ്‍, റീഫണ്ട്, സംയോജനം, രൂപാന്തരം, പെയ്‌മെന്റ്, ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ്, മൂല്യനിര്‍ണയം അടക്കം ഒമ്പത് നിയമങ്ങളുമായി ബന്ധപ്പെട്ടവയ്ക്കും അന്തിമ രൂപം നല്‍കി. സില്‍ക് നൂല്‍, പൂജാ വസ്തുക്കള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഇനങ്ങള്‍ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അത്യാവശ്യമെങ്കില്‍ മാത്രം ജി.എസ്.ടിയില്‍ ഏറ്റവും കുറഞ്ഞ ഇളവുകള്‍ അനുവദിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ സ്വര്‍ണത്തിന്റെ നികുതി ഒരു ശതമാനത്തിന് പകരം അഞ്ചു ശതമാനം ആക്കണമെന്ന് കേരള ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു.
പഞ്ചസാര, തേയില, കാപ്പി തുടങ്ങിയവയ്ക്ക് അഞ്ചു ശതമാനവും പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ തുടങ്ങിയവയ്ക്ക് 18 ശതമാനവുമാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. 14 ശതമാനം ഉല്‍പന്നങ്ങള്‍ അഞ്ചു ശതമാനം നികുതി പരിധിയിലും 17 ശതമാനം ഉല്‍പന്നങ്ങള്‍ 12 ശതമാനം നികുതി പരിധിയിലും വരും.
43 ശതമാനം ഉല്‍പന്നങ്ങളും 18 ശതമാനം നികുതി പരിധിയില്‍ വരും. ഉയര്‍ന്ന നികുതിയായ 28 ശതമാനത്തിന്റെ പരിധിയില്‍ വരുന്ന ഉല്‍പന്നങ്ങള്‍ 19 ശതമാനമാണ്. ജൂലൈ ഒന്നുമുതലാണ് രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തില്‍ വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."