സഊദിക്ക് നേരെ ഹൂതികളുടെ തുടർ ഡ്രോൺ ആക്രമണ ശ്രമം; അഞ്ചു ഡ്രോണുകളും തകർത്തതായി സഖ്യ സേന
റിയാദ്: സഊദി അറേബ്യയെ ലക്ഷ്യമാക്കി ഹൂതികളുടെ തുടർച്ചയായ ഡ്രോൺ ആക്രമണ ശ്രമം. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു തവണയാണ് അയൽ രാജ്യമായ യമനിൽ നിന്നും ഇറാൻ അനുകൂല ഹൂതികൾ സഊദിക്ക് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളുമായി ആക്രമണത്തിനെത്തിയത്. എന്നാൽ, ഹൂതികൾ വിക്ഷേപിച്ച ഡ്രോണുകൾ ലക്ഷ്യത്തെത്തും മുമ്പ് തന്നെ തകർത്തതായി അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
സഊദി അറേബ്യയിലെ സിവിലിയന്മാരെയും സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിട്ട് തീവ്രവാദ ഇറാൻ പിന്തുണയുള്ള ഹൂത്തി മലീഷികൾ ആസൂത്രിതമായി വിക്ഷേപിച്ചതാണ് ആയുധങ്ങൾ നിറച്ച ഡ്രോണുകളെന്ന് പ്രസ്‌താവനയിൽ വ്യക്തമാക്കി. ആക്രമണങ്ങളിൽ നിന്ന് സിവിലിയന്മാരെയും സിവിലിയൻ സൗകര്യങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും അറബ് സഖ്യ സേന സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി യമനിലെ ഇറാൻ അനുകൂല ഹൂത്തി മലിഷിയ സഊദിയിലെ സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച, ഹൂത്തി മലിഷിയ സ്‌ഫോടനം നടത്താനായി തയ്യാറാക്കിയ രണ്ട് സ്‌ഫോടക ബോട്ടുകൾ ചെങ്കടലിന് തെക്ക് സഖ്യ സേന പിടികൂടി നശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."