ട്രംപ് പീഡിപ്പിച്ചെന്ന് യു.എസ് എഴുത്തുകാരി
ആരോപണം
നിഷേധിച്ച് ട്രംപ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ബലാത്സംഗ ആരോപണവുമായി യു.എസ് എഴുത്തുകാരി. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് ട്രംപില്‍ നിന്നു തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ചത്. ഫാഷന്‍ സ്റ്റോറിന്റെ ഡ്രസ്സിങ് റൂമില്‍ വച്ച് ട്രംപ് മോശമായി പെരുമാറിയെന്നാണ് ന്യൂയോര്‍ക്ക് മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ അവര്‍ വെളിപ്പെടുത്തിയത്. 20 വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ശേഷം 16 പേരാണ് അദ്ദേഹത്തിനെതിരേ ലൈംഗികാതിക്രമ ആരോപണങ്ങളുമായി രംഗത്തുവന്നത്.
1995-96 വര്‍ഷങ്ങളിലാണ് സംഭവം. അന്ന് താന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായിരുന്നു. ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും. ഒരിക്കല്‍ ഷോപ്പിങ് മാളിലെ ഡ്രസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോള്‍ പറയുന്നു. മൂന്നു മിനുട്ടോളം അതിക്രമം തുടരുന്നു. തന്റെ കൈകള്‍ ബലം പ്രയോഗിച്ച് പിടിച്ചുവയ്ക്കുകയും ചുമരില്‍ ചാര്‍ത്തിവച്ച് ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയുമായിരുന്നെന്നും ജീന്‍ ആരോപിക്കുന്നു. ഒടുവില്‍ ബലം പ്രയോഗിച്ച് തള്ളി താന്‍ രക്ഷപ്പെടുകയായിരുന്നു. കരോളിന് ഇപ്പോള്‍ 75 വയസുണ്ട്. എന്നാല്‍ ഭയത്താല്‍ പൊലിസില്‍ പരാതിപ്പെട്ടില്ല. ജീവിതത്തില്‍ താന്‍ പുരുഷന്‍മാരില്‍ നിന്നു നേരിട്ട മോശം അനുഭവങ്ങളുടെ പട്ടികയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉണ്ടെന്ന് അവര്‍ പറഞ്ഞു.
അതേസമയം, ആരോപണം ട്രംപ് നിഷേധിച്ചു. ആക്ഷേപം ഉന്നയിച്ച കരോളിനെ ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവര്‍ പുതിയ പുസ്തകം വിറ്റുപോവാനുള്ള ശ്രമത്തിലാണ്. ഇതില്‍ നിന്ന് അവരുടെ ലക്ഷ്യം വ്യക്തമാണ്.
കഥാവിഭാഗത്തില്‍ ഇതു വിറ്റുപോവുമല്ലോ. ന്യൂയോര്‍ക്ക് മാഗസിന്‍ ചത്തു കൊണ്ടിരിക്കുന്ന ഒരു പ്രസിദ്ധീകരണമാണെന്നും വ്യാജ വാര്‍ത്തകളിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."