കോടിയേരി സ്ഥാനമൊഴിഞ്ഞത് മനസില്ലാമനസോടെ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അടുത്ത വര്‍ഷം സംസ്ഥാന സമ്മേളനം ചേരാനിരിക്കെയാണ് ചികിത്സയുടെ പേരില്‍ അവധിയുടെ നാള്‍ പോലും ചോദിക്കാതെ കോടിയേരി ബാലകൃഷ്ണന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് മനസില്ലാമനസോടെ ഒഴിയേണ്ടിവന്നത്. സാമ്പത്തിക ഇടപാടില്‍ മൂത്ത മകനെതിരേ ആരോപണം വന്നപ്പോള്‍ പിടിച്ചുനിന്ന കോടിയേരി അമേരിക്കയില്‍ ചികിത്സയ്ക്കു പോയപ്പോഴും സ്ഥാനമൊഴിഞ്ഞില്ല. ശക്തമായ പിന്തുണയാണ് അദ്ദേഹത്തിനു പാര്‍ട്ടിയില്‍ നിന്ന് അപ്പോള്‍ ലഭിച്ചത്.
എന്നാല്‍ നിനച്ചിരിക്കാതെയാണ് ഇളയ മകന്‍ ബിനീഷിനെ മയക്കുമരുന്നു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. പിന്നീട് ബിനീഷ് പ്രതിയായി ജയിലിലുമായി. ഇതോടെ പാര്‍ട്ടിയും പ്രതിക്കൂട്ടിലാകുമെന്നറിഞ്ഞിട്ടും സി.പി.എം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും കോടിയേരിയെ കൈവിട്ടില്ല. സമാനമല്ലെങ്കിലും സര്‍ക്കാര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിവാദങ്ങളില്‍പ്പെട്ട് ഉഴലുന്നതിനാല്‍ കോടിയേരിയെ തള്ളാന്‍ തയാറായില്ല.
സാധാരണ നിലയില്‍ എതിര്‍ശബ്ദവുമായി വരേണ്ടിയിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കോടിയേരിക്കു പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വരുംദിവസങ്ങളില്‍ ബിനീഷിനു കൂടുതല്‍ കുരുക്കാകുമെന്നു കണ്ട സാഹചര്യത്തിലാണ് കോടിയേരി പുനര്‍വിചിന്തനത്തിനു തയാറായത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ടു നയിച്ചാല്‍ അത് എതിരാളികള്‍ക്കു രാഷ്ട്രീയായുധമാകുമെന്നും തോല്‍ക്കുകയാണെങ്കില്‍ പഴി താന്‍ കേള്‍ക്കേണ്ടിവരുമെന്നുമുള്ള തിരിച്ചറിവാണ് ഇപ്പോള്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ കോടിയേരിയെ പ്രേരിപ്പിച്ച പ്രധാന ഘടകം.
ബിനീഷ് വിഷയത്തില്‍ കോടിയേരിക്കെതിരേ ധാരാളം പരാതികള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനു ലഭിച്ചിരുന്നു. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചില സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ടുള്ള സ്ഥിതിഗതികള്‍ വീക്ഷിച്ചുവരികയാണെന്നും ആവശ്യമായി വന്നാല്‍ ഉചിതമായ തീരുമാനം തന്നെ പാര്‍ട്ടി കൈക്കൊള്ളുമെന്നുമുള്ള മറുപടിയാണ് ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി നല്‍കിയത്. ബീഹാര്‍ തെരഞ്ഞെടുപ്പു ഫലം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിലും ബിനീഷ് വിഷയം ചര്‍ച്ചയായി. എം.എ ബേബിയാണ് കേരളത്തിലെ സംഭവങ്ങള്‍ പി.ബിയില്‍ അവതരിപ്പിച്ചത്. ബിനീഷ് ജയിലിലായതു സംസ്ഥാനത്തെ പാര്‍ട്ടിയെ ഗുരുതര രാഷ്ട്രീയ പ്രതിസന്ധയിലാണ് എത്തിച്ചിരിക്കുന്നതെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബേബി ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് യെച്ചൂരി മുഖ്യമന്ത്രി പിണറായി വിജയനോടും കോടിയേരിയോടും കാര്യങ്ങള്‍ സംസാരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ചികിത്സാര്‍ത്ഥം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുക്കാന്‍ ആവശ്യപ്പെട്ടത് യെച്ചൂരിയാണ്.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ഇടതുമുന്നണി പ്രത്യക്ഷ സമരം ആരംഭിച്ച ഘട്ടത്തിലാണ് കോടിയേരി സി.പി.എം സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനില്‍ക്കുന്നത്. പ്രതിരോധത്തില്‍ നില്‍ക്കുന്ന സര്‍ക്കാരിനും പാര്‍ട്ടിക്കും തല്‍കാലം പിടിച്ചുനില്‍ക്കാനുള്ളൊരു പിടിവള്ളി കൂടിയാണ് കോടിയേരിയുടെ സ്ഥാനമൊഴിയല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."