രാജ്യം നേരിടുന്നത് കൊടുംവരള്‍ച്ച
ന്യൂഡല്‍ഹി: മണ്‍സൂണ്‍ അകന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം നേരിടുന്നത് കടുത്ത വരള്‍ച്ച. രാജ്യത്തെ 80 ശതമാനം ജലസംഭരണികളും സാധാരണ നിലയിലും താഴ്ന്ന അവസ്ഥയിലാണ്. കേന്ദ്ര ജല കമ്മിഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ പ്രധാനപ്പെട്ട 91 റിസര്‍വോയറുകളിലും 80 ശതമാനവും ജലശേഖരം താഴ്ന്ന നിലയിലാണ്.
ഇത്തവണ മണ്‍സൂണില്‍ ലഭിക്കേണ്ട മഴയില്‍ 84 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയാണ് മഴ സീസണ്‍. എന്നാല്‍ ജൂണ്‍ 22 വരെ രാജ്യത്ത് മണ്‍സൂണിന്റെ കുറവ് തുടരുകയാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വേര്‍തിരിച്ച രാജ്യത്തെ 36 സബ് ഡിവിഷനുകളില്‍ ഇതുവരെ 25 ശതമാനം മാത്രമാണ് മഴ ലഭിച്ചിട്ടുള്ളത്. ആറ് സബ് ഡിവിഷനുകളില്‍ വലിയതോതിലാണ് മഴയുടെ തോത് രേഖപ്പെടുത്തിയത്.
ഒഡിഷ, ലക്ഷദ്വീപ് സബ് ഡിവിഷനില്‍ കാര്യമായ രീതിയില്‍ മഴ ലഭിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ തന്നെയാണ് ജമ്മുകശ്മിര്‍, രാജസ്ഥാനിലെ കിഴക്കന്‍ മേഖലകളിലും ആന്‍ഡമാന്‍-നിക്കോബര്‍ ദ്വീപുകളിലും നല്ല രീതിയില്‍ മഴ ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിദര്‍ഭ, മറാത്താവാഡ, മധ്യമഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മഴ ഏറ്റവും കുറവാണ് ഇത്തവണയുണ്ടായത്. കൊടുംവരള്‍ച്ചയാണ് ഈ മേഖല നേരിടുന്നത്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് സബ് ഡിവിഷനുകളില്‍ മഴയുടെ തോത് കുറവായിരുന്നെങ്കിലും വായു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴ വലിയ സഹായകമായി.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് തമിഴ്‌നാട്, പുതുച്ചേരി കാരൈക്കല്‍ സബ് ഡിവിഷനുകളാണ്. തമിഴ്‌നാട്ടില്‍ ചെന്നൈ നഗരം കൊടുംവരള്‍ച്ചയെയാണ് നേരിടുന്നത്. 38 ശതമാനം മഴയുടെ കുറവാണ് ഇവിടെയുണ്ടായിട്ടുള്ളത്. കേരളത്തില്‍ സാമാന്യം തരക്കേടില്ലാത്ത മഴയാണ് ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 18വര്‍ഷങ്ങള്‍ക്കുശേഷമാണ് ചെന്നൈ നഗരം കടുത്ത ജലക്ഷാമം നേരിടുന്നത്. ആഴ്ചയില്‍ രണ്ടുതവണ നഗരത്തില്‍ ട്രെയിന്‍മാര്‍ഗം വെള്ളം എത്തിക്കുകയാണ്. വെല്ലൂര്‍ ജില്ലയിലെ ജോലാര്‍പേട്ടില്‍ നിന്ന് 100 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം 50 വാഗണുകളിലായി എത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."