നാട്ടുകാര്‍ ജാഗരൂകരായി; കള്ളനെ നാട്ടുകാര്‍ തന്നെ പിടിച്ചു
കാട്ടാക്കട: പൂവച്ചലിലും പരിസരങ്ങളിലും മോഷണം നടത്തിവന്ന തസ്‌ക്കരനെ നാട്ടുകാര്‍ പിടികൂടി. പാറശാല മണലുവിള കോഴിവിള ചെക്‌പോസ്റ്റിന് സമീപം സതീഷ് ഭവനില്‍ സതികുമാര്‍ (53) ആണ് പിടിയിലായത്. കഴിഞ്ഞ ഏതാനും നാളുകളായി പൂവച്ചല്‍, ആലമുക്ക്, കല്ലാമം, ഇലക്കോട്, പള്ളിനട, പന്നിയോട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിവന്നത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നാട്ടുകാര്‍ പലഭാഗങ്ങളിലായി നിരീക്ഷണം നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പൂവച്ചല്‍ ആലമുക്കിന് സമീപത്തു നിന്ന് രാത്രിയില്‍ വീടുകയറി മോഷണം നടത്തുന്നതിനിടെ നാട്ടുകാരുടെ കൈയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടോടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലായത്. പിടിയിലാകുമ്പോള്‍ ഇയാളില്‍ നിന്ന് സ്‌ക്രൂ ഡ്രൈവര്‍, കഞ്ചാവ് ബീഡി, കത്തി, 2,800 രൂപ എന്നിവ നാട്ടുകാര്‍ കണ്ടെടുത്തു.
കാട്ടാക്കട പൊലിസ് സ്റ്റേഷനില്‍ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കൂട്ടാക്കിയില്ല. താന്‍ പ്രദേശത്തെ താമസക്കാരനാണെന്നും മോഷണങ്ങളില്‍ പങ്കില്ലെന്നുമായിരുന്നു ആദ്യം പറഞ്ഞത്. അതേസമയം മോഷണം നടന്ന വീട്ടിലെ ചിലര്‍ എത്തി ആളെ തിരിച്ചറിഞ്ഞതോടെയാണ് കള്ളി പുറത്തായത്. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ ഇന്നലെ പാറശാല മണലിവിളയില്‍ എത്തിച്ചു. ഇവിടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 80 ഗ്രാം കഞ്ചാവും കണ്ടെടുത്തു. രാത്രികാലങ്ങളില്‍ ജനല്‍ തുറന്നിട്ടിരിക്കുന്ന വീടുകളില്‍ സ്ത്രീകളെ ശല്യം ചെയ്യുകയും മോഷണം നടത്തുകയുമാണ് രീതിയെന്ന് പൊലിസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി പൂവച്ചല്‍, ആലമുക്ക് പ്രദേശത്ത് നിന്നു അഞ്ച് പവനോളം സ്വര്‍ണവും 75,000 രൂപയുമാണ് മോഷണം പോയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."