ഏഴംഗ വേട്ടസംഘം വനംവകുപ്പിന്റെ പിടിയില്‍; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു
മുത്തങ്ങ (വയനാട്): റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു മൃഗവേട്ട നടത്തുന്ന ഏഴംഗ സംഘം വനംവകുപ്പിന്റെ പിടിയിലായി. ഇവരില്‍നിന്ന് തോക്കും ആറു തിരകളും കണ്ടെടുത്തിട്ടുണ്ട്. വയനാട്, മലപ്പുറം സ്വദേശികളാണ് പിടിയിലായവര്‍. സംഘത്തിലെ മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
ബത്തേരിക്കു സമീപത്തെ റിസോര്‍ട്ടില്‍നിന്ന് ഇന്നലെ രാവിലെയാണ് വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ വലയിലാക്കിയത്. മലപ്പുറം സ്വദേശികളായ ഗഫൂര്‍, ലത്തീഫ്, ഹാരിസ്, മങ്കട സ്വദേശികളായ ഷമീര്‍, ഫൈസല്‍, വയനാട് സ്വദേശികളായ ഫിറോസ്, സംജാദ് എന്ന സഞ്ചു എന്നിവരാണ് പിടിയിലായത്. ഇതില്‍ സഞ്ചുവാണ് പ്രതികള്‍ക്കു റിസോര്‍ട്ടടക്കമുള്ള സൗകര്യങ്ങള്‍ ചെയ്തുനല്‍കുന്നത്. ഇയാളെ കേന്ദ്രീകരിച്ചായിരുന്നു രണ്ടുമാസമായി വനംവകുപ്പിന്റെ നിരീക്ഷണം. സംഘം ഉപയോഗിച്ചിരുന്ന ജീപ്പ്, കാര്‍, രണ്ട് ബൈക്ക് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വനമേഖലയിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചായതിനാല്‍ രാത്രി വൈകിയും വയനാട്ടിലെ വനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. ജില്ലയില്‍ ഈയടുത്തു നടന്ന ആനക്കൊലകളുമായി ഇവര്‍ക്കു ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ മേയ് 30നു കുപ്പാടി ആറാം മൈലിലും കഴിഞ്ഞ ദിവസം പാതിരി വനമേഖലയിലെ ചെതലയത്തും പിടിയാനകള്‍ വെടിയേറ്റു ചരിഞ്ഞിരുന്നു. വയനാട് ലെഫ്. വാര്‍ഡനൊപ്പം ബത്തേരി, മുത്തങ്ങ, കുറിച്യാട് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡര്‍മാരായ കൃഷ്ണദാസ്, ഹീരാലാല്‍, അജിത് കെ. രാമന്‍, എലിഫെന്റ് സ്‌ക്വാഡ് റെയ്ഞ്ചര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘമാണ് വേട്ടസംഘത്തെ വലയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."