ഇറാനെതിരേ സൈബര്‍ ആക്രമണവുമായി യു.എസ്
വാഷിങ്ടണ്‍: ഇറാനെതിരേ സൈബര്‍ ആക്രമണവുമായി യു.എസ്. വ്യോമാക്രമണത്തില്‍നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഇറാന്റെ ആയുധ സംവിധാനങ്ങള്‍ക്കെതിരേ സൈബര്‍ ആക്രമണവുമായി യു.എസ് രംഗത്തെത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
റോക്കറ്റ്, മിസൈല്‍ ലോഞ്ചര്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ സംവിധാനങ്ങളെ സൈബര്‍ ആക്രമണത്തിലൂടെ പ്രവര്‍ത്തന രഹിതമാക്കി. യു.എസിന്റെ ഡ്രോണുകള്‍ വെടിവച്ചിടല്‍, ഇന്ധന കപ്പലുകള്‍ ആക്രമിക്കല്‍ എന്നിവക്കുള്ള തിരിച്ചടിയാണിത്. ഇന്ധന കപ്പലുകള്‍ ആക്രമിച്ചതിന് പിന്നാലെ തന്നെ ഇറാനെതിരേ സൈബര്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരു ന്നെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ ആയുധ സംവിധാനങ്ങളെ ലക്ഷ്യമാക്കിയായിരുന്നു സൈബര്‍ ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് അറിയിച്ചു. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇക്കാര്യം സ്ഥിരീകരിച്ച് യാതൊരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടില്ല.
വ്യോമാക്രമണത്തില്‍നിന്ന് പിന്മാറിയത് യു.എസിന്റെ ബലഹീനതയായി ഇറാന്‍ കരുതരുതെന്ന് ദേശീയ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ജാഗ്രതയേയും വിവേകത്തേയും ഇറാനോ മറ്റേതെങ്കിലും ശത്രുക്കളോ ബലഹീനതയായി വിലയിരുത്തരുതെന്ന് ബാള്‍ട്ടന്‍ പറഞ്ഞു. ജറൂസലമില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരേ ഇന്ന് മുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആണവായുധങ്ങള്‍ ലഭിക്കുന്നതില്‍നിന്ന് ഇറാനെ തടയുന്നത് ലക്ഷ്യമിട്ടാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. നിലവിലെ നിലപാടുകളില്‍ മാറ്റംവരുത്തിയിട്ടില്ലെങ്കില്‍ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദങ്ങള്‍ ചെലുത്തും.
ആണവായുധങ്ങള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ഇറാന്‍ തങ്ങളുടെ അടുത്ത സുഹൃത്താവുമെന്നും സമ്പന്ന രാഷ്ട്രമാവുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഏത് തരത്തിലുള്ള ഉപരോധമാണ് യു.എസ് ഏര്‍പ്പെടുത്താന്‍ പോവുന്നതെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും.
അതിനിടെ യു.എസിനെതിരേ ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷമുണ്ടാവുകയാണെങ്കില്‍ ഇത് അനിയന്ത്രിതമായി വ്യാപിക്കുമെന്നും ഗള്‍ഫ് രാഷ്ട്രങ്ങളിലെ യു.എസ് സൈന്യത്തിന്റെ ജീവന് ഭീഷണിയായിരിക്കുമെന്നും ഇറാന്‍ സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഗൊലമാലി റാഷിദ് മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷത്തെ നിയന്ത്രിക്കാന്‍ ഒരു രാജ്യത്തിനും സാധിക്കില്ല. മേഖലയിലെ തെറ്റായ നയങ്ങളില്‍നിന്ന് പിന്മാറി സ്വന്തം സൈന്യത്തിന്റെ ജീവന്‍ യു.എസ് സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യു.എസിനെതിരേ ഇറാന്‍ പാര്‍ലമെന്റ് ഇന്നലെ രംഗത്തെത്തി. ആയുധങ്ങള്‍ വില്‍പന നടത്തി മറ്റു രാജ്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ലോകത്തിലെ യഥാര്‍ഥ തീവ്രവാദികള്‍ യു.എസ് ആണെന്ന് പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ മസൂദ് പെസഷ്‌ക്യാന്‍ പറഞ്ഞു.
തുടര്‍ന്ന് യു.എസ് നശിക്കട്ടെയെന്ന മുദ്രാവാക്യവുമായി നിരവധി അംഗങ്ങള്‍ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."