വൈവിധ്യങ്ങളുടെ മഴവില്‍ വിസ്മയമൊരുക്കി ഇന്ദ്രജാലക്കളരിയിലെ മാജിക് ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: പഴമയുടെ സുഖവും സന്തോഷവും പുതുതലമുറയ്ക്ക് അനുഭവമാക്കിമാറ്റി മാജിക് അക്കാദമി ഒരുക്കിയ ഇന്ദ്രജാലക്കളരി വേറിട്ട അനുഭവമാകുന്നു. അവധിക്കാലം ആഘോഷമാക്കാന്‍ മാജിക് അക്കാദമി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഇന്ദ്രജാലക്കളരിയിലെ മാജിക് ഇതര വിഭാഗമാണ് വ്യത്യസ്ത വിഷയങ്ങള്‍ കൊണ്ട് കുട്ടികളുടെ മനം കീഴടക്കിയത്.
ഒരു കാലഘട്ടത്തിന്റെ അവധിക്കാല ആഘോഷത്തെ ഓര്‍മപ്പെടുത്താനായി പഴമപ്പന്ത് എന്ന വിഷയത്തില്‍ സുനില്‍ജോസ് നയിച്ച ക്ലാസില്‍ കുട്ടികള്‍ തെങ്ങോല കൊണ്ട് പീപ്പിയും പന്തും കണ്ണാടിയും വാച്ചുമൊക്കെ അനായാസം മെനഞ്ഞെടുത്തു. കൈകള്‍ കൊണ്ട് താളം കൊട്ടിയും കാലുകള്‍ ദ്രുതവേഗത്തില്‍ ചലിപ്പിച്ചും വ്യായാമത്തിന്റെ പുതു അനുഭവമേകിയപ്പോള്‍ എയ്‌റോബിക്‌സ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.
കേരള സര്‍വകലാശാല ലക്ഷ്മിഭായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനിലെ അസോസിയേറ്റ് പ്രൊഫസറായ ഉഷ എസ്. നായരാണ് എയ്‌റോബിക്‌സിന്റെ മാന്ത്രിക ചലനങ്ങള്‍ കുട്ടികള്‍ക്കായി അവതരിപ്പിച്ചത്.
മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഇന്ദ്രജാലത്തിന്റെ കൈയടക്ക മുറകള്‍ പരിശീലിച്ച കുട്ടികള്‍ മാജിക് ഇതര വിഷയങ്ങളിലും അത്ഭുതകരമായാണ് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചത്. നിരവധി വിഭവങ്ങളാണ് ഇത്തവണ മാജിക് ഇതര വിഭാഗത്തില്‍ നല്‍കിയത്. വാക്‌സ് മോള്‍ഡിങ് ആന്‍ഡ് കാസ്റ്റിങ്, സ്ട്രിങ് ആര്‍ട്, എംപോസ് പെയിന്റങ്, നാടന്‍പാട്ട്, ചിത്രകല പരിശീലനം, ക്ലേ മോഡലിങ്, ഒറിഗാമി, കുരുത്തോല വിസ്മയം, ഫ്‌ളവര്‍ മേക്കിങ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, മനസ്സിന്റെ മായാജാലം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ചെസ് പരിശീലനം, ബലൂണ്‍ ആര്‍ട്, ഷാഡോഗ്രാഫി, അഭിനയക്കളരി, ഫോട്ടോഗ്രാഫി, ഗണിതം മധുരം എന്നി വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
പള്ളിയറ ശ്രീധരന്‍, മാവിന്‍മൂട് ശശി, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പ്രശാന്ത്, മുരളി, അലക്‌സ് വള്ളിക്കുന്നം, ഡോ. റ്റി പദ്മകുമാര്‍, ഡോ.അഖില എസ്.നായര്‍, സതീന്ദ്രന്‍ പന്തലക്കോട്, ഗിബി സാം തുടങ്ങിയ നിരവധി പ്രശസ്തരാണ് മാജിക് ഇതര വിഭാഗത്തിന് നേതൃത്വം നല്‍കിയത്.
ഇന്ദ്രജാലത്തില്‍ മുതുകാടിന് പുറമെ ചന്ദ്രസേനന്‍ മിതൃമ്മല, ആര്‍ രാജമൂര്‍ത്തി, ഡാരിയേസ്, മനു പൂജപ്പുര, ഷാജു കടയ്ക്കല്‍, സനല്‍ നെട്ടയം, ഗോവിന്ദ് പി.ദേവ്, സോഹന്‍ ബാലചന്ദ്രന്‍, നിതിന്‍ ഭദ്രന്‍ തുടങ്ങിയവരും ക്ലാസുകള്‍ കൈകാര്യം ചെയ്തു.
കുട്ടികളുടെ വ്യക്തിത്വ വികാസത്തിനായി സുഭാഷിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും യോഗാ പരിശീലനവും സാധ്യമാക്കിയിരുന്നു. ഇന്ദ്രജാലക്കളരി മെയ് 31ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."