സന്ധ്യവരെ നീണ്ട അനിശ്ചിതത്വം; ഒടുവില്‍ അറസ്റ്റ്
കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനെ ചോദ്യംചെയ്ത മൂന്നാംദിനത്തില്‍ സന്ധ്യയോളം അന്വേഷണ സംഘം സൃഷ്ടിച്ചത് കടുത്ത അനിശ്ചിതത്വം. ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഉച്ചമുതല്‍ വാര്‍ത്ത പരന്നെങ്കിലും സന്ധ്യക്കും അന്വേഷണസംഘം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന രീതിയിലായിരുന്നു.
അതേസമയം രാത്രി വൈകി അറസ്റ്റുണ്ടാകുമെന്ന് ഏഴരയോടെ കോട്ടയം എസ്.പി എസ്. ഹരിശങ്കര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ബിഷപ്പിനെ ഇന്നലെ ജയിലിലടക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിന് അറസ്റ്റ് നീട്ടിക്കൊണ്ടു പോവുകയാണെന്ന് ഇതിനിടെ അഭ്യൂഹം പരക്കുകയും ചെയ്തു.
തുടര്‍ച്ചയായി മൂന്നാം ദിവസത്തെ ചോദ്യംചെയ്യലിനു വിധേയനാകാനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാവിലെ പത്തരയോടെയാണ് തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. അതിനു 10 മിനുട്ട് മുന്‍പുതന്നെ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു. ആദ്യദിവസം എത്തിയ വോക്‌സ് വാഗന്‍ പോളോ കാറിലായിരുന്നു ഇന്നലെയും ബിഷപ്പ് എത്തിയത്. മുന്നിലും പിന്നിലും പൊലിസ് വാഹനങ്ങളും അകമ്പടിയായുണ്ടായിരുന്നു.
കന്യാസ്ത്രീയുടെ പരാതി സ്ഥിരീകരിക്കുന്ന തെളിവുകളെല്ലാം ലഭിച്ചുവെന്നും അതിനാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നും രാവിലെ മുതല്‍ വാര്‍ത്ത പരന്നു.
ഇതോടെ മാധ്യമപ്രവര്‍ത്തകരുടെ വന്‍സംഘം ക്രൈംബ്രാഞ്ച് ഓഫിസില്‍ തമ്പടിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നാട്ടുകാരുടെ ബാഹുല്യം കുറവായിരുന്നു. ക്രൈംബ്രാഞ്ച് ഓഫിസിന് മുന്‍പിലെ റോഡിലൂടെ പൊലിസ് ജനങ്ങളെ കടത്തിവിട്ടുമില്ല.
അതിനിടെ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരക്കാരുടെ വരവ് തുടങ്ങി. ആദ്യമെത്തിയത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. അവര്‍ ബിഷപ്പിന്റെ കോലം കത്തിച്ചു. അതിനുപിന്നാലെ പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകരെത്തി റോഡില്‍ കുത്തിയിരുന്നു. തൊട്ടുപിന്നാലെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും രംഗത്തെത്തി.
ഇതിനിടെ ബിഷപ്പിന്റെ മൊഴിയിലെ വൈരുദ്ധ്യം നീക്കാന്‍ അന്വേഷണസംഘത്തില്‍ ഒരുവിഭാഗം കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ വിവരവും പുറത്തുവന്നു. രണ്ടുമണിയോടെ ബിഷപ്പിന്റെ അറസ്റ്റ് 'സ്ഥിരീകരിച്ചു' കൊണ്ട് ചാനലുകള്‍ ബ്രേക്കിങ് നല്‍കാന്‍ തുടങ്ങി.
അതോടെ ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരപ്പന്തലില്‍ ആഹ്ലാദ പ്രകടനം. അതിനിടെയാണ് അറസ്റ്റ് സ്ഥിരീകരിച്ചില്ലെന്ന വിവരം തിരുവനന്തപുരത്തുനിന്ന് എത്തുന്നത്. വീണ്ടും അനിശ്ചിതമായ കാത്തിരിപ്പ്.
വൈകിട്ട് അഞ്ചരയോടെ അറസ്റ്റ് പ്രഖ്യാപിക്കാന്‍ കോട്ടയം എസ്.പി മാധ്യമങ്ങളെ കാണുമെന്നായി പിന്നീടുള്ള സൂചന. അറസ്റ്റിന്റെ ഭാഗമായുള്ള വൈദ്യപരിശോധനയ്ക്കായി ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമെന്നും വാര്‍ത്ത വന്നു.
അറസ്റ്റ് നടന്നാല്‍ ബിഷപ്പിനെ പാലാ കോടതിയിലാണോ വൈക്കം കോടതിയിലാണോ ഹാജരാക്കുക എന്ന ആശയക്കുഴപ്പമായി അതോടെ. സമയം പിന്നെയും നീണ്ടു. അതിനിടെ, ഉന്നത ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫിസിന് അകത്തേക്കും പുറത്തേക്കും പോകുന്നുണ്ടായിരുന്നു. ഏഴുമണിയോടെ പുറത്തുവന്ന അന്വേഷണ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയില്ലെന്ന വിവരം പങ്കുവച്ചത്.
എന്നാല്‍, റേഞ്ച് ഐ.ജിയുമായി ചര്‍ച്ച നടത്തിയ കോട്ടയം എസ്.പി ഏഴരയോടെ, ബിഷപ്പിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞതായി തൃപ്പൂണിത്തുറയില്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. തുടര്‍ന്നു രാത്രി എട്ടരയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."