വരുന്നു സഊദിയിലുടനീളം സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകൾ
റിയാദ്: സഊദിയിലുടനീളം സൗജന്യ വൈഫൈ ഹോട്ട്സ്പോട്ടുകൾ വരുന്നു. ഏവർക്കും ഇന്റർനെറ്റ് സൗജന്യമായി നൽകി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സഊദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. വിവിധ ഘട്ടങ്ങളിലായി രാജ്യത്താകമാനം 60,000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പ്രതിദിനം രണ്ട് മണിക്കൂർ വരെ വൈഫൈ സൗജന്യമായി നൽകുന്നതുൾപ്പെടെയുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ആശുപത്രികൾ, ഇരു ഹറമുകൾ, പുണ്യസ്ഥലങ്ങൾ, മാളുകൾ, പൊതുപാർക്കുകൾ എന്നിവയടക്കമുള്ള കേന്ദ്രങ്ങളിലാണ് സൗജന്യ ഇന്റർനെറ്റ് വൈഫൈ സ്ഥാപിക്കുക. സാമ്പത്തിക പരിവർത്തനം സാധ്യമാക്കാനും വിഷൻ 2030 ലക്ഷ്യം കൈവരിക്കാനും പ്രധാന സ്തംഭങ്ങളിലൊന്നാകാൻ ഡിജിറ്റൽ പരിവർത്തനത്തിന് കഴിഞ്ഞതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമീഷൻ ഗവർണർ ഡോ: മുഹമ്മദ് ബിൻ സഊദ് അൽതമീമി പറഞ്ഞു. ആശയ വിനിമയ, വിവര സാങ്കേതിക സേവനങ്ങൾ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് പുതിയ പദ്ധതിയെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഇന്റർനെറ്റ് സേവന ധാതാക്കളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി കമ്പനിയുടെ വെബ്സൈറ്റിലോ ആപ്ലിക്കേഷനിലോ ഉപയോക്താക്കൾക്ക് കാണാൻ കഴിയുന്ന തരത്തിൽ എല്ലാ പ്രദേശങ്ങളിലേയും സൗജന്യ ആക്സസ് പോയിൻറുകൾ കാണിക്കുന്ന കവറേജ് മാപ്പുകൾ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."