ശാസ്താങ്കല്‍ ബോട്ട് ജെട്ടിയില്‍ ബോട്ട് അടുപ്പിക്കുന്നില്ല
പൂച്ചാക്കല്‍: ദ്വീപിലെ ശാസ്താങ്കല്‍ ബോട്ട് ജെട്ടിയില്‍ ബോട്ട് അടുപ്പിക്കുന്നത് നിര്‍ത്തിയ ജലഗതാഗത വകുപ്പ് അധികൃതരുടെ തീരുമാനത്തിനെതിരെ കായലില്‍ നാട്ടുകാരുടെ സമരം.
സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിനു പേര്‍ കായലില്‍ വള്ളങ്ങളിറക്കി പ്രതിഷേധ ചങ്ങല തീര്‍ത്തു.തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ സമരം പിന്‍വലിച്ചു.
ശാസ്താങ്കല്‍ താല്‍കാലിക ബോട്ട് ജെട്ടിയാണെന്നും സമീപത്തെ കാളത്തോട് ബോട്ട്‌ജെട്ടി പുനര്‍നിര്‍മാണ സമയത്ത് പകരം സംവിധാനമായി ശാസ്താങ്കല്‍ ബോട്ട് ജെട്ടി നിര്‍മിച്ചതാണെന്നും ചര്‍ച്ചയില്‍ അധികൃതര്‍ വ്യക്തമാക്കി.
കാളത്തോട് ബോട്ട്‌ജെട്ടി നിര്‍മാണം പൂര്‍ത്തിയാക്കി ഉപയോഗം തുടങ്ങിയിട്ടും ശാസ്താങ്കല്‍ ബോട്ട് ജെട്ടി മാറ്റാത്തതിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുകയും അവര്‍ക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അവിടെ ഇനി ബോട്ട് നിര്‍ത്തേണ്ടെന്നു നിര്‍ദേശിച്ചതെന്നും 30നുശേഷം അവിടെ ബോട്ട് അടുപ്പിക്കേണ്ടെന്നാണ് കോടതി നിര്‍ദേശമെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ജലഗതാഗത -ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ ഇന്നലെ മുതല്‍ ബോട്ട് അടുപ്പിക്കുന്നത് നിര്‍ത്തിയതാണ് പ്രതിഷേധത്തിനും സമരത്തിനും ഇടയാക്കിയത്. ശാസ്താങ്കല്‍ ജെട്ടി സംരക്ഷണസമിതി നേതൃത്വത്തില്‍ പെരുമ്പളം വട്ടവയല്‍ ഭാഗത്ത് വള്ളങ്ങളും വലകളും വടങ്ങളും നിരത്തി മറ്റു ബോട്ട് സര്‍വീസുകള്‍ തടയുകയായിരുന്നു.
കൂടുതല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന ശാസ്താങ്കല്‍ ബോട്ട് ജെട്ടി നിലനിര്‍ത്തണം എന്നാണ് സമരക്കാരുടെ ആവശ്യം.ഗ്രാമപഞ്ചായത്തിന്റെ നിലപാടും അതുതന്നെയാണ്. സംഭവത്തെ തുടര്‍ന്ന് ചേര്‍ത്തല സി.ഐ വി.പി. മോഹന്‍ലാല്‍, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷിബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജി. മുരളീധരന്‍,ശാസ്താങ്കല്‍ ജെട്ടി സംരക്ഷണസമിതി പ്രസിഡന്റ് പി.പി. പ്രസന്നകുമാര്‍, സെക്രട്ടറി പി.എന്‍. ബാബു തുടങ്ങിയവരും ജലഗതാഗത - ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസഥരും ചര്‍ച്ച നടത്തി.
കോടതി 30വരെ സമയം അനുവദിച്ചിട്ടുള്ളതിനാല്‍ അതിനു മുന്‍പ് നടപടികള്‍ ഉണ്ടാകില്ലെന്നും കോടതി നിര്‍ദേശത്തിനെതിരെ ഉടന്‍ ഗ്രാമപഞ്ചായത്ത് ഹര്‍ജി നല്‍കാമെന്നുമുള്ള തീരുമാനങ്ങളെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."