അണക്കെട്ടിനടുത്തായിട്ടും അകമലവാരം ആദിവാസികള്‍ക്ക് കുടിവെള്ളമില്ല
പാലക്കാട്: പാലക്കാട് നഗരസഭയിലും, ഏഴ് പഞ്ചായത്തുകളിലുമായി 25 ലക്ഷംപേര്‍ക്ക് കുടിവെളളമെത്തിക്കുന്ന മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശമായ അകമലവാരം മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ശുദ്ധജലം കിട്ടാനില്ല. ഡാമിനടുത്തുളള സ്ഥലമായതിനാല്‍ ഇവിടത്തെ കുടിവെള്ളപ്രശ്‌നം ആരും തിരിച്ചറിയുന്നില്ല. കലക്ടറുടെ ദുരിതാശ്വാസ പദ്ധതിയില്‍നിന്ന് 12 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചു. എന്നാല്‍ അതില്‍ ചേമ്പന അടപ്പ് കോളനി, അയ്യപ്പന്‍പൊറ്റ, ആനക്കല്ല്, കൊല്ലംങ്കുന്ന് എന്നിവിടങ്ങളില്‍ വെള്ളം എത്തിച്ചിട്ടില്ല. ബാക്കിയുളളയിടത്ത് വെള്ളമെത്തുന്നതോ മൂന്നോ, നാലോ ദിവസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ്. ഈ വെള്ളം ഭക്ഷണം പാകം ചെയ്യാനോ, കുടിക്കാനോ ഉപയോഗപ്രദമല്ല. കലങ്ങിയും ശുദ്ധമല്ലാത്തതുമായ വെള്ളം ഉപയോഗിക്കുന്നതു മൂലം അവിടത്തെ ജനങ്ങള്‍ക്ക് പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു.
എലിവാല്‍, കാപ്പിക്കാട്, തെക്കെ മലമ്പുഴ സ്ഥലങ്ങളിലാണ് തീര്‍ത്തും കുടിവെള്ളക്ഷാമം നേരിടുന്നത്. ഇവിടെ ഡാമിനോടു ചേര്‍ന്ന് അഞ്ച് അഞ്ചര അടി ആഴത്തില്‍ ചെറിയ ചെറിയ കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍നിന്നാണ് പ്രദേശവാസികള്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ കൂടുതലായും ആദിവാസികളും, ദലിത് കുടുംബങ്ങളുമാണ് ജീവിക്കുന്നത്. ചിലയിടങ്ങളില്‍ കുഴല്‍കിണര്‍ നിര്‍മിച്ച് പമ്പുസെറ്റുകള്‍ സ്ഥാപിച്ചുട്ടുണ്ടെങ്കിലും മിക്കതും ഉപയോഗശൂന്യമാണ്.
ആദിവാസി മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് കോടികള്‍ പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്നുണ്ടെങ്കിലും അധികൃതരുടെ പിടിപ്പുകേടാണ് ആദിവാസി കുടുംബങ്ങളുടെ കാലങ്ങളായുള്ള ദുരിതത്തിന് കാരണം.
കുടിവെള്ള ക്ഷാമം മുതലെടുത്ത് ടാങ്കറുകളിലും, കുടങ്ങളിലുമൊക്കെ വെള്ളം നിറച്ച് വില്‍പന നടത്തുന്ന സംഘങ്ങളും സജീവമാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി.എസ് അച്ചുതാനന്ദന്റെ മണ്ഡലവും ജില്ലയിലെ പ്രധാന ജലസ്രോതസായ മലമ്പുഴ അണക്കെട്ട് ഉള്‍പെടുന്ന പ്രദേശമായിട്ടും ഇവിടത്തെ ആദിവാസികളുടെ കാലങ്ങളായുളള കുടിവെള്ള പ്രശ്‌നം തിരഞ്ഞെടുപ്പ് വാഗാദാനങ്ങില്‍ മാത്രം ഒതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."