സ്വപ്നം പൂവണിയുന്നു; മൊടോന്‍ പാലത്തിനു പകരം റോഡ് പാലം വരുന്നു
ചെറുവത്തൂര്‍: പലതവണ പദ്ധതികള്‍ തയാറാക്കിയിട്ടും നടക്കാതെ പോയ മയ്യിച്ച-വെങ്ങാട്ട് റോഡ് പാലം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. ടെന്‍ഡര്‍ നടപടികള്‍ ഉടനുണ്ടാകും. രണ്ടു പതിറ്റാണ്ടിലേറെയായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. പ്രഭാകരന് കമ്മിഷനില്‍ ഉള്‍പ്പെടുത്തി ഏഴുകോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. ഇതോടെ മൊടോന്‍ പാലം എന്ന് വിളിക്കുന്ന താല്‍ക്കാലിക പാലത്തിലൂടെയുള്ള യാത്രയ്ക്കും അറുതിയാകും.
ഓട്ടോറിക്ഷ കടന്നു പോകാന്‍ കഴിയും വിധത്തില്‍ 1994ല്‍ ഒരു ലക്ഷം രൂപ ചെലവില്‍ ഇവിടെ ഒരു കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം മാത്രമായിരുന്നു ആയുസ്. ശക്തമായ കുത്തൊഴുക്കില്‍ പാലം ഒലിച്ചുപോയി. പിന്നീട് കവുങ്ങും മുളയും ഉപയോഗിച്ച് താല്‍ക്കാലിക പാലം നിര്‍മിച്ചായിരുന്നു യാത്ര. അങ്ങനെയാണ് പാലത്തിനു മൊടോന്‍ പാലമെന്ന പേരു വന്നത്. വര്‍ഷാവര്‍ഷം നിര്‍മിക്കുന്ന താല്‍ക്കാലിക പാലവും പലതവണ ഒലിച്ചു പോയി. ഇക്കഴിഞ്ഞ മഴയില്‍ ഒലിച്ചു പോയ പാലം ഇപ്പോള്‍ വീണ്ടും താല്‍ക്കാലികമായി നിര്‍മിച്ചു വരികയാണ്.
മുന്‍കാലങ്ങളില്‍ മൂന്നു തവണ ഇവിടെ ഗതാഗത സംവിധാനം ഒരുക്കാന്‍ പദ്ധതി തയാറാക്കിയിരുന്നു. ഒരിക്കല്‍ ബ്ലോക്ക് പഞ്ചായത്ത് 45 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്ത് കാര്‍ഷിക പാക്കേജില്‍ ഉള്‍പ്പെടുത്തി ട്രാക്ടര്‍ ട്രാക്ക് നിര്‍മിക്കാനും ശ്രമമുണ്ടായി. രണ്ടും നടന്നില്ല. പിന്നീട് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഷട്ടര്‍ കം ബ്രിഡ്ജ് പണിയാന്‍ തീരുമാനിച്ചുവെങ്കിലും അതും നടന്നില്ല. എം. രാജഗോപാലന്‍ എം. എല്‍.എയുടെ ഇടപെടലിന്റെ ഭാഗമായാണ് റോഡ് പാലം യാഥാര്‍ഥ്യമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."