യു.ഡി.എഫ് കശുവണ്ടിത്തൊഴിലാളി ഐക്യ ട്രേഡ്‌യൂനിയന്‍ സമിതി രൂപീകരിച്ചു
കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനായി തിരുവനന്തപുരത്ത് കൂടിയ യോഗത്തില്‍ കശുവണ്ടി രംഗത്ത് ഐക്യ ട്രേഡ് യൂനിയന്‍ സമിതി രൂപീകരിച്ചു.
ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, കെ.ടി.യു.സി, എസ്.ടി.യു സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക, തുറക്കാത്ത ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴില്‍ നല്‍കുക, പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലെ നിയമനിഷേധം അവസാനിപ്പിക്കുക, ഇ.എസ്.ഐ-പി.എഫ്. ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, മാസശമ്പളക്കാരായ ജീവനക്കാരുടെ ദീര്‍ഘകാല കരാര്‍ പുതുക്കുക, കോര്‍പറേഷനും കാപ്പെക്‌സും ഗ്രാറ്റുവിറ്റി കുടിശിക നല്‍കുക, കശുവണ്ടി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സാമൂഹ്യക്ഷേമപെന്‍ഷന്‍ നല്‍കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്‌ടോബര്‍ 21-ന് കൊല്ലത്ത് തൊഴിലാളികളുടെ ഒരു സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു.
സമരത്തിനു നേതൃത്വം നല്‍കാന്‍ ട്രേഡ് യൂനിയന്‍ സംഘടനകളുടെ രണ്ടു പ്രതിനിധികള്‍ വീതമടങ്ങുന്ന കശുവണ്ടിത്തൊഴിലാളി ഐക്യ ട്രേഡ് യൂനിയന്‍ സമിതിയാണ് രൂപീകരിച്ചത്. കണ്‍വീനറായി യു.ടി.യു.സി. നേതാവ് എ.എ അസീസിനെ തെരഞ്ഞെടുത്തു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ആര്‍. ചന്ദ്രശേഖരന്‍, ശൂരനാട് രാജശേഖരന്‍, ബിന്ദു കൃഷ്ണ, എ. ഷാനവാസ് ഖാന്‍, എഴുകോണ്‍ നാരായണന്‍, വാക്കനാട് രാധാകൃഷ്ണന്‍, എഴുകോണ്‍ സത്യന്‍, സി മോഹനന്‍ പിള്ള, കെ. സുരേഷ് ബാബു, സവിന്‍ സത്യന്‍, കെ.ആര്‍.വി സഹജന്‍, ശൂരനാട് ശ്രീകുമാര്‍, സജി.ഡി. ആനന്ദ്, കല്ലട പി. കുഞ്ഞുമോന്‍, എസ്. സുബാഷ്, കോതേത്ത് ഭാസ്‌കരന്‍, പി.എസ്. പ്രദീപ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."