പുതിയ തൊഴിൽ മാറ്റം; സ്‌പോൺസർഷിപ്പ് മാറ്റം സ്‌പോൺസറെ അറിയിച്ചു മാത്രം
ജിദ്ദ: സഊദിയിൽ അടുത്ത മാർച്ച് മുതൽ തൊഴിൽ മാറ്റം സ്‌പോൺസറെ അറിയിച്ചു മാത്രമേ സാധ്യമാകുവെന്ന് മാനവ വിഭവശേഷി മന്ത്രാലയം.
പുതിയ തൊഴിൽ കരാറിലെ സ്‌പോൺസർഷിപ്പ് വ്യവസ്ഥാ ഭേദഗതിയെ സംബന്ധിച്ചാണ് മന്ത്രാലയം നയം വ്യക്തമാക്കിയത്.
അടുത്ത വർഷം മാർച്ച് 14 മുതൽ നടപ്പിലാക്കുന്ന സ്‌പോൺസർഷിപ്പ് വ്യവസ്ഥാ ഭേദഗതിയിൽ തൊഴിൽ മാറ്റം സ്‌പോൺസറെ അറിയിച്ചു മാത്രമേ സാധ്യമാകുവെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള തൊഴിൽ കരാറിന്റെ കാലാവധി കഴിയാതെയുള്ള തൊഴിൽ മാറ്റത്തിനു സ്‌പോൺസറുടെ അനുമതി നിർബന്ധമാണ്.
എന്നാൽ തൊഴിൽ കരാർ അവസാനിച്ചാൽ മറ്റൊരു സ്ഥാപനത്തിലേക്ക് മാറുന്നതിനു സ്‌പോൺസറുടെ സമ്മതം ആവശ്യമില്ലെന്നതാണ് പുതിയ ഭേദഗതിയുടെ പ്രത്യേകത.
സഊദിയിലെത്തിയിട്ട് 12 മാസം പൂർത്തിയാക്കണമെന്നും കരാർ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുമ്പ് സ്‌പോൺസറെ അറിയിക്കണമെന്നതുമാണ് ഇതിനുള്ള നിബന്ധനകൾ. ഏതൊരു കരാറും പുതുക്കാൻ താത്പര്യമില്ലെങ്കിൽ കരാറിന്റെ ഭാഗമായ ഇരുവിഭാഗവും നേരത്തെ പരസ്പരം അറിയിക്കണമെന്ന സാമാന്യമര്യാദയനുസരിച്ചാണ് സ്‌പോൺസറെ 90 ദിവസം മുമ്പ് ഇക്കാര്യം അറിയിക്കണമെന്ന വ്യവസ്ഥ മാനവശേഷി മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഓരോ തൊഴിലാളിക്കും ഗോസി വഴി രജിസ്റ്റർ ചെയ്ത തൊഴിൽ കരാർ നിർബന്ധമാണെന്നും ഈ കരാറിനനുസരിച്ചാണ് മുന്നോട്ടുള്ള നീക്കമെന്നും മാനവശേഷി മന്ത്രാലയം ഓർമിപ്പിക്കുന്നുണ്ട്. അഥവാ തൊഴിലാളിയും അവരുടെ തൊഴിലുടമയും തമ്മിൽ ഒപ്പുവെച്ച കരാറിൽ ബന്ധിതമായിരിക്കും എല്ലാ കാര്യങ്ങളും. കാലാവധി കഴിയുന്നതോടെ ഓട്ടോമാറ്റിക് ആയി കരാർ പുതുക്കുന്നതാണെന്നും മറിച്ചാണെങ്കിൽ ഇരുവിഭാഗവും നേരത്തെ അറിയിക്കണമെന്നുമുള്ള വ്യവസ്ഥ കരാറിന്റെ ഭാഗമായുണ്ടാകും. മാനവശേഷി മന്ത്രാലയം ഇത് മൂന്നുമാസം എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കരാർ പുതുക്കാൻ തൊഴിലാളിക്ക് താത്പര്യമില്ലെങ്കിൽ തൊഴിലുടമയേയും തൊഴിലുടമക്ക് താത്പര്യമില്ലെങ്കിൽ തൊഴിലാളിയേയും മൂന്നു മാസം മുമ്പേ അറിയിക്കണം.
മാറാൻ അനുവദിക്കാനോ അനുവദിക്കാതിരിക്കാനോ ഉള്ള അവകാശം തൊഴിൽ കരാറിലെ വ്യവസ്ഥകൾക്കനുസൃതമായിരിക്കും.
കരാർ കാലാവധി കഴിഞ്ഞാൽ മാറാൻ അനുവദിക്കില്ലെന്നും ഫൈനൽ എക്‌സിറ്റായിരിക്കും ഉണ്ടാവുകയെന്നും കരാറിലുണ്ടെങ്കിൽ പിന്നീട് സ്‌പോൺസർഷിപ് മാറ്റം സാധ്യമല്ലെന്നർഥം. എന്നാൽ സ്‌പോൺസറുടെ സമ്മതത്തോടെ എപ്പോഴും ഒരു കമ്പനിയിൽനിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് തടസമുണ്ടാകില്ല. കരാർ കാലാവധിക്കിടയിൽ തൊഴിലാളിയെ പിരിച്ചുവിട്ടാൽ ആർട്ടിക്കിൾ 77 പ്രകാരം നഷ്ടപരിഹാരം കമ്പനി നൽകേണ്ടിവരുമെന്ന നിലവിലെ രീതി തുടരും.
കരാർ കാലാവധി കഴിയുന്നതിന് നിശ്ചിത സമയം മുമ്പ് സ്‌പോൺസറെ അറിയിച്ച് മറ്റൊരു തൊഴിൽസ്ഥലത്തേക്ക് മാറുന്നതിന് തടസ്സമില്ലെന്നതാണ് പുതിയ ഭേദഗതി പറയുന്നത്. ഇതനുസരിച്ച് തൊഴിലാളിയെ കൂടുതൽ ശമ്പളം നൽകി പിടിച്ചുനിർത്താനോ അല്ലെങ്കിൽ ഫൈനൽ എക്‌സിറ്റിൽ പോകാനോ മറ്റൊരിടത്തേക്ക് തൊഴിൽ മാറാനോ തൊഴിലുടമ അനുവദിക്കേണ്ടിവരും.
അതേസമയം ഇഖാമ പുതുക്കാതിരിക്കൽ, ശമ്പളം നൽകാതിരിക്കാൻ, തൊഴിലാളി ഒളിച്ചോടിയതായി വ്യാജ രേഖയുണ്ടാക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് പുതിയ ഭേദഗതി അറുതിവരുത്തുമെന്നാണ് വിലയിരുത്തൽ. ഏഴു ദശകത്തോളമായി നിലനിൽക്കുന്ന സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിനാണ് മാറ്റം വരുന്നത്. സഊദിയിൽ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്ക് ഏറെ ഗുണകരമാകുന്ന തൊഴിൽ പരിഷ്‌ക്കാരങ്ങളാണ് അടുത്ത മാർച്ചിൽ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."