ഈജിപ്റ്റില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മമ്മികള്‍ അടക്കം ചെയ്ത ശവപേടകങ്ങള്‍ കണ്ടെത്തി
കെയ്‌റോ: ഈജിപ്റ്റില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മമ്മികള്‍ അടക്കം ചെയ്ത 100ലധികം ശവപേടകങ്ങള്‍ കണ്ടെത്തി. ഈജിപ്റ്റിലെ പുരാതന കാലത്തെ ഏറ്റവും വലിയ ശവപ്പറമ്പായ സഖാറയില്‍ നിന്നാണ് ശവപേടകങ്ങള്‍ കണ്ടെത്തിയത്. ഈ വര്‍ഷം ഈ പ്രദേശത്ത് നിന്നുള്ള ഏറ്റവും വലിയ കണ്ടെത്തലാണിതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.
ശവപേടകങ്ങള്‍ക്ക് 2500 വര്‍ഷങ്ങളുടെ പഴക്കമാണ് കണക്കാക്കുന്നത്. മമ്മികള്‍ യാതൊരുവിധ കേടുപാടുകളും സംഭവിക്കാത്ത നിലയിലാണ്. പുരാതനകാലത്തെ സമ്പന്നരുടെ ശവപേടകങ്ങളാകാം ഇതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. അതുകൊണ്ടാകാം ഇത്രയും കാലം ഇവയ്ക്ക് നാശം സംഭവിക്കാതിരുന്നതെന്ന് ഈജിപ്ത് മന്ത്രി ഖാലിദ് എല്‍ എനാനി പറയുന്നു. ഇതിന് പുറമേ ശവസംസ്‌കാരത്തിന് ഉപയോഗിക്കുന്ന മുഖാവരണങ്ങള്‍, പഴക്കം ചെന്ന ജാറുകള്‍ തുടങ്ങി മറ്റു ചില പുരാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സഖാറ വലിയ ശവപ്പറമ്പായിരുന്നു എന്ന് വീണ്ടും തെളിയിക്കുന്നതാണ് ഈ കണ്ടെത്തല്‍ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈജിപ്റ്റിലെ വിവിധ മ്യൂസിയങ്ങളില്‍ ഇവ പ്രദര്‍ശിപ്പിക്കും. കെയ്‌റോവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സഖാറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."