ഇരുതുള്ളിപ്പുഴയിലെ അനധികൃത ടാങ്ക് പൊളിച്ചുനീക്കാന്‍ പഞ്ചായത്ത് ഉത്തരവ്
താമരശ്ശേരി: വാടക കെട്ടിടത്തിലെ മാലിന്യമൊഴുക്കാനായി ഇരുതുള്ളിപ്പുഴയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച അനധികൃത ടാങ്ക് പൊളിച്ചുനീക്കാന്‍ താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്‍കി.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ കൂടത്തായി പാലത്തിനരികിലാണ് സ്വകാര്യ വ്യക്തി അനധികൃത ടാങ്ക് നിര്‍മിച്ചത്. പുഴയിലെ വെള്ളത്തിനടിയിലായിരുന്ന ടാങ്ക് കോണ്‍ക്രീറ്റ് കൊണ്ട് മറച്ച നിലയിലായിരുന്നു. കഴിഞ്ഞ ശക്തമായ മഴയില്‍ ടാങ്കിനു ചുറ്റുമുള്ള മണ്ണും കോണ്‍ക്രീറ്റും ഒലിച്ചുപോയതിനെ തുടര്‍ന്നും പുഴയില്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്നുമാണ് ടാങ്ക് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നത്.
ഏകദേശം ഒരു മീറ്റര്‍ ചുറ്റളവുണ്ട് ടാങ്കിന്. കാട് നിറഞ്ഞ ഭാഗം മണ്ണിനടിയിലായതിനാല്‍ ടാങ്ക് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഏകദേശം ഒരു മീറ്ററോളം ആഴത്തില്‍ ടാങ്ക് ദൃശ്യമാണ്. ബാത്ത് റൂമുകളില്‍നിന്ന് പൈപ്പുകള്‍ ഘടിപ്പിച്ച് സ്ഥിരം സംവിധാനത്തിലാണ് ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. മാലിന്യം പുഴയില്‍ നേരിട്ട് കലരുന്ന തരത്തിലാണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. പാലത്തിന് താഴെ പഞ്ചായത്തിന്റെ രണ്ട് കുടിവെള്ള പദ്ധതികള്‍ ഉണ്ട്. ഇവയിലേക്കാണ് ഈ മാലിന്യം എത്തുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ കടകളിലും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. കൂടത്തായി പാലത്തില്‍ മാലിന്യ നിക്ഷേപം രൂക്ഷമായതിനെ തുടര്‍ന്ന് ഇത് തടയാന്‍ പഞ്ചായത്ത് പാലത്തില്‍ നെറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് ഇതിനെയെല്ലാം വെല്ലുന്ന തരത്തില്‍ മാലിന്യം പുഴയില്‍ എത്തിക്കുന്നത്.
ആരോഗ്യ വകുപ്പും പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗവും നടത്തിയ അന്വേഷണത്തില്‍ നിര്‍മാണം അനധികൃതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടാങ്ക് പൊളിച്ചുമാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്‍കി.
നിര്‍മാണം പൊളിച്ചുനീക്കാത്ത പക്ഷം നടപടികളിലേക്ക് കടക്കുമെന്നും നോട്ടിസില്‍ പറയുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ പ്രതാപന്‍, രമേശ്, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."