പശുക്കടത്ത് അക്രമം: ബസുകള്‍ക്കുനേരെ കല്ലേറ്: സംഘര്‍ഷം, ബജ്രംഗദളിന്റെ അപ്രഖ്യാപിത ഹര്‍ത്താലില്‍ ജനം വലഞ്ഞു
ബദിയഡുക്ക(കാസര്‍കോട്): വളര്‍ത്താന്‍ കൊണ്ടുപോവുകയായിരുന്ന പശുക്കളെ കടത്തുന്നതായി ആരോപിച്ച് പിക്കപ്പ് വാന്‍ ഡ്രൈവറേയും സഹായിയേയും ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവത്തിനുപിന്നാലെ സംഘര്‍ഷാവസ്ഥ. അക്രമത്തില്‍ പ്രതിഷേധിച്ച് ഒരു സംഘം ആളുകള്‍ ഇന്നലെ രാവിലെ കേരള, കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്കുനേരെ കല്ലേറ് നടത്തി.
സംഭവത്തില്‍ പരുക്കേറ്റ കേരള ആര്‍.ടി.സി ബസ് ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി സുരേഷ് കുമാര്‍(48)നെ കര്‍ണാടക വിട്ട്ളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. നാലിലധികം ബസുകള്‍ക്കു നേരെ കല്ലേറ് ഉണ്ടായതായാണ് വിവരം.
അതെ സമയം പശുക്കളുമായി പോവുകയായിരുന്നവരേ അക്രമിച്ച സംഭവത്തില്‍ കേരള പൊലിസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ഒരു സംഘം ബജറംഗ ദള്‍ പ്രവര്‍ത്തകര്‍ വിട്ട് ളയില്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി. തുടര്‍ന്ന് ദീര്‍ഘ ദൂര യാത്രക്കാര്‍ ദുരിതത്തിലായി. കാസര്‍കോട് പുത്തൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ അതിര്‍ത്തി പ്രദേശമായ അഡ്ക്കസ്ഥലയില്‍ ഓട്ടം അവസാനിപ്പിച്ചു.
അതിര്‍ത്തി തര്‍ക്കം ഉന്നയിച്ചാണ് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത്. കര്‍ണാടകയുടെ പ്രദേശത്താണ് അക്രമസംഭവം ഉണ്ടായതെന്നാണ് ഇവരുടെ വാദം.
തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് വിശദമായി അന്വേഷണം നടത്തി സംഭവം നടന്നത് കര്‍ണാടകയിലാണെങ്കില്‍ കേസ് കര്‍ണാടക പൊലിസിനു കേരള പൊലിസ് കൈമാറും. കേരളത്തിനകത്താണ് അക്രമം നടന്നതെങ്കിലും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും ബദിയഡുക്ക പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാവിലെയാണ് പശുക്കളെ കടത്തുവെന്നു ആരോപിച്ചു ആറംഗ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ അതിര്‍ത്തി പ്രദേശത്ത് അക്രമം നടത്തിയത്.
സംഭവത്തില്‍ പുത്തൂര്‍ കനക മജലിലെ ഇസ്മായില്‍,അല്‍താഫ് (30)എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
രണ്ട് പശുക്കളും ഒരു കിടവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തിലുള്ളവരെ ആക്രമിച്ച ശേഷം ഇവരുടെ കയ്യില്‍ ഏല്‍പിച്ചിരുന്ന 50,000 രൂപയും അക്രമി സംഘം തട്ടിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."