വയനാടന്‍ ചക്കക്ക് ഇത് നല്ല കാലം
നടവയല്‍: കൃഷിയിടങ്ങളില്‍ പാഴായി പോകുന്ന ചക്ക വാങ്ങാന്‍ കച്ചവടക്കാര്‍ എത്തിയതോടെ കര്‍ഷകര്‍ക്ക് നല്ലൊരു വരുമാന മാര്‍ഗം കൂടിയായി ചക്ക വിപണി മാറുന്നു. ദിനംപ്രതി ലോഡ് കണക്കിന് ചക്കയാണ് ജില്ലയില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി പോകുന്നത്.
വനാതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് ആനശല്യം കാരണം ഇനി ചക്ക വെറുതെ വെട്ടി കളയേണ്ട കാര്യമില്ല. കര്‍ഷകരില്‍ നിന്നും ചക്ക വാങ്ങാന്‍ കച്ചവടക്കാര്‍ എത്തി കഴിഞ്ഞു. ഒരു ചക്കക്ക് അഞ്ച് രൂപ മുതല്‍ കൃഷിക്കാരന് നല്‍കിയാണ് കച്ചവടക്കാര്‍ ചക്ക വാങ്ങുന്നത്.
ആനശല്യത്തിന്റെ രൂക്ഷത ഭയന്ന് ചെറുപ്പത്തിലെ വിരിയുന്ന ചക്കകള്‍ അരിഞ്ഞ് കളയാതെ ഇരുന്ന കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ ഗുണമായത്. ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ തുടങ്ങിയ മാര്‍ക്കറ്റുകളിലേക്കാണ് ജില്ലയിലെ ചക്കകള്‍ കയറ്റി അയക്കുന്നത്.
അവിടെ എത്തിച്ചാല്‍ ഒരു ചക്കക്ക് 50 രൂപ വരെ വില. പേര് കേട്ട ഇനങ്ങളായ വരിക്ക, തേന്‍വരിക്ക എന്നിവക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കൂടാതെ പച്ചചക്ക പുഴുങ്ങാനും, ചിപ്‌സ് മുതലായവ ഉണ്ടാക്കുന്നതിനും ടൗണുകളില്‍ ചക്ക തേടി ആളുകള്‍ എത്തുന്നുണ്ട്. പ്ലാവില്‍ നിന്നും ചക്ക ശേഖരിച്ച് വാഹനത്തില്‍ കയറ്റി മൈസൂരില്‍ എത്തിക്കുന്നതിന്റെ ചെലവ് എല്ലാം കഴിച്ച് മികച്ച വരുമാനം കച്ചവടക്കാര്‍ക്കും ലഭിക്കുന്നുണ്ട്.
തോട്ടത്തില്‍ പാഴായി പോവുന്നതിനേക്കാള്‍ നല്ലതാണല്ലോ എന്നോര്‍ക്കുമ്പോള്‍ ചക്ക വില്‍പനയില്‍ നിന്നും ചെറിയ വരുമാനം ലഭിക്കുന്നത് കര്‍ഷകര്‍ക്കും സന്തോഷം പകരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."