കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 10 ഫോണുകള്‍ കൂടി പിടിച്ചെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും നടന്ന പരിശോധനയില്‍ അഞ്ചു സ്മാര്‍ട് ഫോണ്‍ ഉള്‍പ്പെടെ 10 മൊബൈല്‍ ഫോണുകളും നാലു പവര്‍ ബാങ്കുകളും പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തു. രാഷ്ട്രീയ തടവുകാര്‍ കൂടുതലുള്ള ആറാം ബ്ലോക്കില്‍ നിന്നാണു നാലു സ്മാര്‍ട് ഫോണും മൂന്നു പവര്‍ ബാങ്കും ലഭിച്ചത്. രണ്ട്, അഞ്ച്, ആറ്, ഏഴ് ബ്ലോക്കുകളിലായിരുന്നു പരിശോധന.
സെല്ലിന്റെ വരാന്തയുടെ ഉത്തരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍. നാലു ദിവസങ്ങളിലായി ഇതുവരെ 21 മൊബൈല്‍ ഫോണുകളും നാലു പൊതി കഞ്ചാവുമാണു സെന്‍ട്രല്‍ ജയിലില്‍നിന്നു പിടിച്ചെടുത്തത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലിസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ജയില്‍ സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തില്‍ തുടങ്ങിയ പരിശോധന അര്‍ധരാത്രി വരെ നീണ്ടു. ഇന്നലെ രാത്രി വീണ്ടും റെയ്ഡ് നടത്തി.
ജയില്‍ ഡി.ജി.പി ഋഷിരാജ് സിങിന്റെ നേതൃത്വത്തിലാണു ശനിയാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന ആരംഭിച്ചത്. പിന്നീട് തുടര്‍ ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ കത്തി, കത്രിക, കമ്പിപ്പാര, കഞ്ചാവ്, മൊബൈല്‍ ഫോണ്‍, ഹെഡ്സെറ്റ് എന്നിവയും കണ്ടെത്തിയിരുന്നു. ഇതിന് ഉത്തരവാദികളായ തടവുകാരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."