പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
പരപ്പനങ്ങാടി: നഗരസഭയിലെ പ്രളയബാധിത മേഖലകളില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായി തുടരുന്നു. ഉള്ളണം, കീഴ്ചിറ, കൊട്ടന്തല, പാലത്തിങ്ങല്‍, കോട്ടത്തറ, മുങ്ങാത്തംതറ, കരിങ്കല്ലത്താണി, പുത്തരിക്കല്‍, സ്റ്റേഡിയം റോഡ്, അട്ടക്കുഴിങ്ങര എന്നിവിടങ്ങളിലാണ് കൂടുതലും ക്ഷാമം അനുഭവപ്പെടുന്നത്. വെള്ളപ്പൊക്കത്തില്‍ പ്രദേശത്തെ കിണറുകളിലെയും മറ്റും വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ക്യാംപുകളില്‍നിന്ന് വീടുകളിലേക്ക് തിരിച്ചത്തിയതോടെ തുടങ്ങിയതാണ് ഈ ദുരവസ്ഥ. കുടിക്കാനോ കുളിക്കാനോ പോലും വെള്ളമില്ലാത്ത ഗതികേടിലാണ് പ്രളയബാധിത മേഖലകളിലെ ജനങ്ങള്‍.
കിണറുകളിലെ വെള്ളം കുളിക്കാനും മറ്റും ഉപയോഗിക്കരുത് എന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഉള്ളതിനാല്‍ ആശങ്കയിലാണ് വീട്ടുകാര്‍. ബദല്‍ മാര്‍ഗമായി ആദ്യ കുറച്ചു ദിവസങ്ങളില്‍ സന്നദ്ധ സംഘടനകളും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയും വെള്ളം എത്തിച്ചിരുന്നു.
എന്നാല്‍ രണ്ടാഴ്ചയായി അതും നിലച്ചിരിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞതോടെ പ്രദേശവാസികള്‍ തന്നെ ദൂരസ്ഥലങ്ങളില്‍നിന്ന് തലച്ചുമടായും അര്‍ബാനയിലും മറ്റും ശേഖരിച്ച് കൊണ്ടുവരുന്ന വെള്ളം മാത്രമാണ് ഇപ്പോള്‍ ആശ്വാസം. മുനിസിപ്പല്‍ അധികൃതര്‍ നിര്‍ത്തിവെച്ച കുടിവെള്ള വിതരണം പുനരാരംഭിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രളയബാധിത കൂട്ടായ്മയുടെ പ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.എം ഭരതന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."