അതിജീവനം കരുത്താക്കി ദാല്‍ തടാകത്തിന്റെ സന്തതികള്‍
തിരുവനന്തപുരം: അശാന്തിയുടെ താഴ് വരയില്‍ നിന്നെത്തിയ ജമ്മു കശ്മിര്‍ നീന്തല്‍ സംഘത്തിന് പറയാനുള്ളത് അതിജീവനത്തിന്റെ കഥ. ദാല്‍ തടാകത്തില്‍ നടത്തിയ പരിശീലനത്തിന്റെ കരുത്തുമായാണ് പിരപ്പന്‍കോട് രാജ്യാന്തര അക്വാട്ടിക് സെന്ററിലെ നീന്തല്‍കുളത്തില്‍ മത്സരത്തിനിറങ്ങിയത്. ശൈത്യകാലം ഈ നീന്തല്‍ ടീമിന് ദുരിതകാലമാണ്. ദാല്‍ ഐസ് തടാകമായി മാറുന്ന കാലത്ത് പരിശീലനം മുടങ്ങും. വര്‍ഷത്തില്‍ ആറുമാസം മാത്രമാണ് പരിശീലനം നടത്താന്‍ കഴിയുക.
ഭൂമിയിലെ സ്വര്‍ഗമായ കശ്മിരിനെ തേടിയെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ദാല്‍ തടാകത്തിലാണ് നീന്തല്‍ പരിശീലനത്തിനായുള്ള പൂള്‍ ഒരുക്കിയിട്ടുള്ളത്. ശൈത്യകാലം പിന്നിട്ട് മഞ്ഞുരുകി വെള്ളം നിറയുന്നതോടെ പരിശീലനത്തിന്റെ തിരക്കായി. നഷ്ടമായ ദിനങ്ങളെ തിരിച്ചുപിടിക്കുന്ന തരത്തിലുള്ള പരിശീലനം. രണ്ട് പരിശീലകരും നാല് താരങ്ങളും ഉള്‍പ്പെട്ട ആറംഗ സംഘമാണ് പിരപ്പന്‍കോട് എത്തിയിട്ടുള്ളത്.
ആധുനിക സംവിധാനങ്ങളുടെ എല്ലാവിധ സൗകര്യങ്ങളും അനുഭവിച്ച് എത്തിയ ഒളിംപ്യന്മാര്‍ ഉള്‍പ്പെടെ വമ്പന്മാരോടാണ് അതിജീവനത്തിന്റെ പോരാളികള്‍ മത്സരിച്ചത്. മെഡല്‍ സ്വന്തമാക്കാമെന്ന മോഹമൊന്നും അവര്‍ക്കില്ലെങ്കിലും പോരാട്ടം നടത്തി അനുഭവസമ്പത്തും മത്സര പരിചയവും നേടാനായതിന്റെ സന്തോഷമുണ്ടെന്ന് പരിശീലകന്‍ പീര്‍ മുഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു. ശ്രീനഗര്‍ താഴ്‌വരയില്‍ മഞ്ഞില്‍ കുളിച്ച സബര്‍വാന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട നീണ്ടു കിടക്കുന്ന ദാല്‍ തടാകം തണുപ്പ് ആസ്വദിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് എക്കാലത്തും സ്വര്‍ഗമാണ്. ഇവര്‍ക്കാവട്ടെ നീന്തല്‍ പരിശീലനം അതി കഠിനവും. ശൈത്യകാലം തുടങ്ങുന്നതോടെ അവര്‍ പരിശീലനം താല്‍ക്കാലികമായി നിര്‍ത്തി വീടിനുള്ളില്‍ തന്നെ കൂടാറാണ് പതിവ്.
പിന്നെ ആറു മാസം ദുരിതങ്ങളുടേതാണെന്ന് ശ്രീനഗര്‍ റെയ്‌നാവരി സ്വദേശിയായ സെയ്ഫ് ഇലാഹി പറയുന്നു. കശ്മിരില്‍ നിന്നുള്ള യവാര്‍ അബ്ബാസ്, മുസാഫര്‍ ഹുസൈന്‍ എന്നീ നീന്തല്‍ താരങ്ങള്‍ക്കും പറയാനുള്ളത് പരിശീലനം മുടങ്ങുന്നതിന്റെ ദുരിതം. ജമ്മു കശ്മിര്‍ ടീമിന് രണ്ട് പരിശീലകരാണുള്ളത്. പീര്‍ മുഹമ്മദും വികാസ് മാഗോത്രയും. പീര്‍ മുഹമ്മദ് കശ്മിരിലും മാഗോത്ര ജമ്മുവിലും പരിശീലനം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."