കോണ്‍ഗ്രസ് തോറ്റെന്നാല്‍ ഇന്ത്യ തോറ്റെന്നാണോ?
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധിയെ ചോദ്യം ചെയ്ത കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിനെ ധിക്കാരി എന്ന് അഭിസംബോധന ചെയ്ത മോദി അത്തരം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമെന്നും അഭിപ്രായപ്പെട്ടു.
വയനാട്ടില്‍ തോറ്റത് ഇന്ത്യ ആണോ? റായ്ബറേലിയില്‍ തോറ്റത് ഇന്ത്യ ആണോ? തിരുവനന്തപുരത്തും അമേത്തിയിലും ഇന്ത്യ തോറ്റോ? ധിക്കാരത്തിനും പരിമിതിയുണ്ട്. 17 സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ മോദി പറഞ്ഞു.
ബി.ജെ.പി സഖ്യം ജയിച്ചപ്പോള്‍ ചില നേതാക്കള്‍ '' ബി.ജെ.പി സഖ്യം തെരഞ്ഞെടുപ്പില്‍ ജയിച്ചു, എന്നാല്‍ രാജ്യം തോറ്റു, ജനാധിപത്യം തോറ്റു'' എന്ന തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ജനങ്ങളുടെ തീരുമാനത്തേയും ജനാധിപത്യത്തേയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ തീരുമാനത്തെ എന്തിനാണ് ചോദ്യം ചെയ്യുന്നത്? ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും കൂട്ടിച്ചേര്‍ത്തു.
വളരെക്കാലത്തിനുശേഷം മുഴുവന്‍ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഇത് ജനങ്ങള്‍ സ്ഥിരതയ്ക്കു നല്‍കിയ വിജയമാണ്. ജനങ്ങള്‍ സ്ഥിരതയാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ നേതാക്കളേക്കാള്‍ വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പിന് വേണ്ടി പൊരുതുന്നത്.
കോണ്‍ഗ്രസിലെ തന്റെ സുഹൃത്തിന് ഞങ്ങളുടെ വിജയം ദഹിച്ചിട്ടില്ല. അവര്‍ക്ക് പരാജയം അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും ഇത് ജനാധിപത്യത്തിന്റെ നല്ല സൂചനയല്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തി. സഖ്യകക്ഷികള്‍ക്കൊപ്പം ഈ സംഖ്യ 353 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം തനണയും കോണ്‍ഗ്രസ് മോശം പ്രകടനം കാഴ്ച വച്ചു. കഷ്ടിച്ച് 52 സീറ്റുകള്‍ നേടി.
തന്റെ പ്രസംഗത്തില്‍ രണ്ട് ദിവസം മുന്‍പ് മരിച്ച രാജസ്ഥാന്‍ ബി.ജെ.പി പ്രസിഡന്റ് മദന്‍ലാല്‍ സൈനിക്ക് അനുശോചനമര്‍പ്പിച്ച മോദി, അരുണ്‍ ജെയ്റ്റലിയ്ക്ക് പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."