ഗുപ്കാറും കശ്മിരിന്റെ ഭാവിയും
കശ്മിരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ഇന്ത്യന്‍ ഭരണകൂടം പബ്ലിക് സേഫ്റ്റി ആക്ട് (പി.എസ്.എ) പ്രകാരം തടവിലാക്കിയിരുന്ന പ്രധാന നേതാക്കളൊക്കെ ഇപ്പോള്‍ മോചിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും യൂസഫ് തരിഗാമിയും അടക്കമുള്ള നേതാക്കള്‍ നേരത്തെ തന്നെ പുറത്തുവന്നെങ്കിലും കഴിഞ്ഞ ഒക്ടോബര്‍ 13ന് വീട്ടു തടങ്കിലില്‍നിന്ന് മോചിപ്പിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കൂടി രംഗത്ത് എത്തിയതോടൊയാണ് കാശ്മിര്‍ വീണ്ടും രാഷ്ട്രീയചര്‍ച്ചകളില്‍ സജീവമായി തുടങ്ങിയത്. 2019 ഓഗസ്റ്റ് 5ന് ഇന്ത്യന്‍ ഭരണകൂടം കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലാക്കി വിഭജിക്കുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്ത ശേഷം നിശബ്ദമായിരുന്ന അന്തരീക്ഷത്തില്‍ നിന്നാണ് ഇപ്പോള്‍ ഗുപ്കാര്‍ സഖ്യത്തിലൂടെ കശ്മിര്‍ താഴ്‌വര വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 14 മാസത്തെ തടങ്കലില്‍നിന്ന് സ്വതന്ത്രമായ തൊട്ടടുത്ത നിമിഷം തന്നെ മുഫ്തിയുടേതായി പുറത്തുവന്ന ഓഡിയോ സന്ദേശം കാശ്മിരിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായുള്ള ഉറച്ച പ്രഖ്യാപനമായിരുന്നു. അടുത്ത ദിവസം തന്നെ മുഫ്തിയുടെ വസതിയില്‍ ചേര്‍ന്ന ഗുപ്കാര്‍ സഖ്യത്തിന്റെ യോഗവും അക്ഷരാര്‍ത്ഥത്തില്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കിയിരുന്നു.
കാശ്മിരിന്റെ ഭാവിയില്‍ ഒരുപക്ഷേ നിര്‍ണായകമായേക്കാവുന്ന ഒരു രാഷ്ട്രീയ ചുവടുവെപ്പാണ് ഗുപ്കാര്‍ ഡിക്ലറേഷന്‍. കാശ്മിരിന് പ്രത്യേക പദവി വിഭാവനം ചെയ്തിരുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370, 35 (എ) തുടങ്ങിയ വകുപ്പുകള്‍ സംരക്ഷിക്കുക എന്ന പൊതു താത്പര്യത്തിലാണ് 2019 ഓഗസ്റ്റ് 4ന് ഗുപ്കാര്‍ റസിഡന്‍സില്‍ വച്ച് ജമ്മു ആന്‍ഡ് കശ്മിര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ്, സി.പി.എം എന്നിവയുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒരു സംയുക്ത ഉടമ്പടി ഒപ്പുവച്ചത്. തടവിലാക്കപ്പെട്ട നേതാക്കളൊക്കെ പുറത്തുവന്ന ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഈ സഖ്യത്തിന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ എന്ന പേര് സ്വീകരിക്കുന്നതും പഴയ കശ് മിരിന്റെ പതാക സഖ്യത്തിന്റെ പതാകയായി പ്രഖ്യാപിക്കുകയും ചെയ്തത്.
ഗുപ്കാര്‍ പ്രഖ്യാപനം എന്ന പേരില്‍ പ്രസിദ്ധമായ ഉടമ്പടി കഴിഞ്ഞ ഒക്ടോബര്‍ 24നാണ് ഒരു രാഷ്ട്രീയ സംഖ്യമായി രൂപപ്പെട്ടത്. അതുകൊണ്ടാണ് ഇത് രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്ന ഒന്നായി മാറുന്നതും. കശ്മിര്‍ രാഷ്ട്രീയത്തില്‍ പരസ്പരം പോരടിച്ചിരുന്ന എന്‍.സിയും പി.ഡി.പിയും തമ്മിലുള്ള ഒത്തുചേരലാണ് സഖ്യത്തിന്റെ പ്രധാന നേട്ടം. പക്ഷെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇതിന്റെ പ്രതിഫലനം എങ്ങനെയായിരിക്കും എന്നത് കണ്ടറിയേണ്ടതാണ്. എന്നിരുന്നാലും ഇപ്പോഴുള്ള രാഷ്ട്രീയ ഐക്യബലം സഖ്യത്തിന് കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ അത് കശ്മിര്‍ രാഷ്ട്രീയത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കിയേക്കാം. ഇന്ത്യാ ഗവണ്‍മെന്റുമായി ഒരു പോരിനാണ് ലക്ഷ്യമെങ്കില്‍ പോലും വിഘടന വാദി ഗ്രൂപ്പുകളെ കൂടി കൂടെചേര്‍ക്കാനും ഇവര്‍ക്ക് കഴിഞ്ഞേക്കാം എന്ന വിലയിരുത്തലുകളും തള്ളിക്കളയാനാവില്ല. നാഷണല്‍ കോണ്‍ഫറന്‍സ് ഇന്ത്യക്കൊപ്പം പ്രത്യേക പദവിയോടെ നില്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ പി.ഡി.പി എല്ലാ കാലത്തും ഒരു സ്വതന്ത്ര ഭരണത്തിനു വേണ്ടിയാണ് ആഗ്രഹിച്ചിരുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന്റെ ഭാഗമായി മത്സരിക്കുന്നു എന്നതൊഴിച്ചാല്‍ മുഫ്തിയുടെ വാദം കശ്മിര്‍ പ്രദേശികവാദം തന്നെയാണ്. ഗുപ്കാര്‍ ഗ്യാങ് എന്നാണ് സഖ്യത്തെ കാശ്മിരിലെ ബി.ജെ.പി നേതാവ് രവീന്ദ്ര റൈന വിശേഷിപ്പിച്ചത്. സഖ്യം ദേശവിരുദ്ധമാണെന്ന ബി.ജെ.പി ആരോപണത്തിന് ഫാറൂഖ് അബ്ദുല്ല പ്രതികരണം 'ഞങ്ങള്‍ ദേശവിരുദ്ധരല്ല ബി.ജെ.പി വിരുദ്ധരാണ്' എന്നായിരുന്നു.
കഴിഞ്ഞ ആഴ്ച റദ്ദാക്കിയ 12 ഭൂനിയമങ്ങളും 14 ഭേദഗതികളും കശ്മിരിന്റെ സത്വം നഷ്ടപ്പെടുത്തും എന്ന വാദം ശക്തമാണ്. ഒക്ടോബര്‍ 26ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ജമ്മു കശ്മിര്‍ നിവാസികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം ഇപ്പോള്‍ ഒഴിവായിരിക്കുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും ജമ്മു കശ്മിരില്‍ ഭൂമി വാങ്ങാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് യൂണിയന്‍ ടെറിട്ടറി ഓഫ് ജമ്മു ആന്‍ഡ് കശ്മിര്‍ റീ ഓര്‍ഗനൈസേഷന്‍ (അഡാപ്‌റ്റേഷന്‍ ഓഫ് സെന്‍ട്രല്‍ ലോസ്) തേര്‍ഡ് ഓര്‍ഡര്‍ 2020നെ കശ്മിരിനോടുള്ള വലിയ വഞ്ചന എന്നാണ് ഫാറൂഖ് അബ്ദുല്ല വിശേഷിപ്പിച്ചത്. 'കശ്മിര്‍ വില്‍പനക്ക്' എന്നായിരുന്നു ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം. എന്നാല്‍ ഈ പ്രതികരണങ്ങള്‍ക്കപ്പുറം ഒരു മാസ്സ് മൂവമെന്റിന് തുടക്കംവയ്ക്കാന്‍ സഖ്യത്തിന് കഴിയുക പ്രയാസമാണ്. കശ്മിരിലെ സ്വതന്ത്ര പത്രപ്രവര്‍ത്തകനായ റിയാസ് വാനി ഈ പരിമിതി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബി.ജെ.പിയുടെ രാഷ്ട്രീയ നയമമനുസരിച്ച് ഇനിയൊരിക്കലും കശ്മിരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ സാധ്യതിയില്ല. കാരണം ബി.ജെ.പി സര്‍ക്കാരിന്റ ഈ നടപടി രാഷ്ട്രീയമായ ഏറെക്കാലമായി സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഒന്നിന്റെ പ്രതിഫലനമാണ്. 1950 കളില്‍ ശ്യാമപ്രസാദ് മുഖര്‍ജിയില്‍ നിന്ന് ഗര്‍ഭം ധരിച്ച ഒന്നാണ് 2019ല്‍ പ്രസവിക്കപ്പെട്ടത് എന്ന സ്വാഭാവികത ഇതിലുണ്ട്. ബി.ജെ.പിയുടെ ആദിമ രൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാവ് കശ്മിരിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ചു എന്നുവരെ വിശ്വസിക്കുന്നവരാണ് സംഘ്പരിവാരുകാര്‍. നെഹ്‌റു മന്ത്രിസഭയില്‍ നിന്ന് ശ്വാമപ്രസാദ് മുഖര്‍ജി രാജിവയ്ക്കുന്നതും തുടര്‍ന്ന് ജനസംഘം രൂപീകരിക്കുന്നതുമൊക്കെ കശ്മിരിനെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളില്‍ നിന്നായിരുന്നു. അതുകൊണ്ടുതന്നെ സംഘപരിവാറിന് കശ്മിര്‍ ഒരു ഉണങ്ങാത്ത മുറിവാണ്. ഇതില്‍ നിന്ന് അവരെ മോചിപ്പിക്കുക എന്നത് രാഷ്ട്രീയമായി വലിയ ബാധ്യതയാണ്. ഇതുകൊണ്ടൊക്കെ തന്നെയും സംഘപരിവാര്‍ വാദത്തിന് ഒപ്പമല്ലാതെ സര്‍ക്കാരിനു നിലനില്‍ക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."