അറബിക്കടലില്‍ ന്യൂനമര്‍ദം; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: അറബിക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവരും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കേരള തീരത്തുനിന്ന് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുത്.
നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണം. ന്യൂനമര്‍ദം രൂപം കൊള്ളുന്ന സാഹചര്യത്തില്‍ കേരള തീരത്ത് കടലാക്രമണം ശക്തമാകാനും ശക്തമായ കാറ്റിനുമുള്ള സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമര്‍ദം ശക്തിപ്പെട്ട് സൊമാലിയ തീരം ലക്ഷ്യമാക്കി നീങ്ങുമെന്നും ഇതിനിടെ ചുഴലിക്കാറ്റാകാന്‍ സാധ്യതയുണ്ടെന്നും സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. കേരളത്തില്‍നിന്ന് വളരെയേറെ അകലെയായതിനാല്‍ സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."