ഒക്ടോബര്‍ 15 മുതല്‍ തളിപ്പറമ്പില്‍ ഗതാഗത പരിഷ്‌കരണം
മാര്‍ക്കറ്റ് റോഡ് വഴിയുള്ള ബസ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും
തളിപ്പറമ്പ്: തളിപ്പറമ്പിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍വകക്ഷി - സംയുക്ത യോഗത്തില്‍ തീരുമാനം. ഒക്ടോബര്‍ 15 മുതലാണ് ഗതാഗത പരിഷ്‌കരണം നടപ്പാക്കുക. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് തളിപ്പറമ്പ് നഗരസഭാ ഹാളില്‍ ചേര്‍ന്നത്.
നഗരത്തിലെ ട്രാഫിക് പരിഷ്‌കരണം, ഓട്ടോറിക്ഷാ സ്റ്റാന്‍ഡ്, ബസ് ഗതാഗതം, വാഹന പാര്‍ക്കിങ് ഫീസ് കലക്ഷന്‍, ബസ് ഷെല്‍ട്ടര്‍ സ്ഥാനമാറ്റം തുടങ്ങിയവയായിരുന്നു അജന്‍ഡകള്‍. വിവിധ ഭാഗങ്ങളിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ പുനക്രമീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഹൈവേയില്‍ മില്‍മക്ക് മുമ്പില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ കണ്ണൂര്‍ ഭാഗത്തേക്ക് മുഖംതിരിച്ചുള്ള രീതിയിലാകും പുതിയ പാര്‍ക്കിങ് സംവിധാനം.
ഹൈവേയില്‍ ടാക്‌സി പാര്‍ക്കിങ് ക്രമീകരിച്ച് ബസ് ബേ നിര്‍മിക്കുന്ന കാര്യം പരിശോധിക്കും. മാര്‍ക്കറ്റ് റോഡ് വഴിയുള്ള ബസ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. 27ന് വൈകിട്ട് മൂന്നിന് ബസ് തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ക്കും. അനധികൃത കച്ചവടം ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് നീങ്ങും.
അനധികൃത പാര്‍ക്കിങ് തടയാനായി ഫീസ് ഏര്‍പ്പെടുത്തുന്ന കാര്യം ആവശ്യമെങ്കില്‍ പരിഗണിക്കും. നഗരത്തില്‍ രഹസ്യ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.
ഇതിനായി നഗരസഭ 10 ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. യോഗം ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."