മുളിയാര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്
ബോവിക്കാനം: മുളിയാര്‍ സര്‍വിസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കാനത്തൂരിലുള്ള ബാങ്ക് ആസ്ഥാനത്ത് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം ആറോടെ ഫലം പ്രഖ്യാപിക്കും. ആകെയുള്ള പതിനൊന്ന് സീറ്റിലേക്കാണ് മത്സരം. ഇതില്‍ ഒരംഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
നിക്ഷേപക വിഭാഗത്തിലേക്ക് ഔദ്യോഗിക പാനലില്‍ മത്സരിച്ച കെ. രാമചന്ദ്രന്‍ നായരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള പത്തുസീറ്റിലേക്ക് മുസ്‌ലിം ലീഗിന്റെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ 16പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ആദ്യം ഡി.സി.സി ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്പുനമ്പ്യാരുടെ നേതൃത്വത്തിലുള്ള ഒന്‍പതുപേരുടെ പട്ടികയാണ് ഡി.സി.സി നേതൃത്വം പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ ഡി.സി.സിയുടെ സ്ഥാനാര്‍ഥിപട്ടിക അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച് കോണ്‍ഗ്രസിലെ വിമതവിഭാഗം രംഗത്തുവന്നതോടെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് മുറുകുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും മുസ്‌ലിം ലീഗും ഇരുവിഭാഗമായും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് മുളിയാര്‍ മണ്ഡലം കമ്മിറ്റിയെ കെ.പി.സി.സി പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഔദ്യോഗികപക്ഷത്തെ നാലുപേരും മുസ്‌ലിം ലീഗിലെ രണ്ടു പേരും മത്സരത്തില്‍ നിന്നുപിന്മാറിയിരുന്നു.
കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് മത്സരത്തില്‍നിന്നു പിന്മാറുന്നതെന്നാണ് ഡി.സി.സി പ്രസിഡന്റിനു നല്‍കിയ കത്തില്‍ ഔദ്യോഗിക പക്ഷം വ്യക്തമാക്കിയിരുന്നത്.
പതിനൊന്നംഗ ഭരണസമിതി തെരഞ്ഞെടുപ്പില്‍ രണ്ടുസീറ്റുകള്‍ മുസ്‌ലിം ലീഗിനു നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോരിനിടയില്‍ മത്സരത്തില്‍നിന്നു മാറിനില്‍ക്കുന്നതാണ് ഉചിതമെന്നു കാണിച്ച് ലീഗ് പഞ്ചായത്ത് കമ്മിറ്റി ജില്ലാ നേതൃത്വത്തിനു കത്തുനല്‍കുകയും മത്സരത്തില്‍നിന്നു പിന്മാറുകയുമായിരുന്നു.
അതിനിടയില്‍ സൗകര്യക്കുറവും സുരക്ഷയും കണക്കിലെടുത്ത് ബാങ്ക് തെരഞ്ഞെടുപ്പ് കാനത്തൂരില്‍നിന്നു ബോവിക്കാനത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക പക്ഷം ഹൈക്കോടതി നല്‍കിയ ഹരജി തള്ളുകയാണുണ്ടായത്. മുന്‍കാലങ്ങളില്‍ കാനത്തൂരില്‍വച്ച് സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തിയിരുന്നുവെന്ന വിമതവിഭാഗത്തിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."