തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും: മന്ത്രി
നെടുമ്പാശേരി: സംസ്ഥാനത്തെ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും സര്‍ക്കാരിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നതെന്ന് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. നെടുമ്പാശേരി സിയാല്‍ അക്കാദമിയില്‍ ഹജ്ജ് ക്യാംപിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായാണ് സംസ്ഥാനത്ത് നിന്നുള്ള തീര്‍ഥാടകര്‍ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് യാത്രയാകുന്നത്. 2750 ഓളം പേരാണ് നെടുമ്പാശേരിയില്‍നിന്ന് യാത്രയാകുന്നതെങ്കിലും മുന്‍പ് പന്ത്രണ്ടായിരത്തോളം പേര്‍ക്ക് ഒരുക്കിയിരുന്നതിന് സമാനമായ രീതിയിലാണ് സൗകര്യങ്ങള്‍ സിയാല്‍ നെടുമ്പാശേരിയില്‍ ഒരുക്കുന്നത്. കരിപ്പൂരില്‍ ഹജ്ജ് ഹൗസ് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഒരുക്കങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുനിന്ന് സര്‍ക്കാര്‍ ക്വാട്ടയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ഥാടക സംഘമാണ് ഈ വര്‍ഷം യാത്രയാകുന്നതെന്നും മന്ത്രി പറഞ്ഞു.
അടുത്ത മാസം 13 ന് വൈകിട്ട് ഏഴിനാണ് നെടുമ്പാശേരി ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നടക്കുക. 14ന് ഉച്ചയ്ക്ക് രണ്ടിനാണ് ആദ്യ വിമാനം യാത്രയാകുന്നത്. സിയാല്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ എ.എം ഷബീര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അനസ് ഹാജി, എന്‍.പി ഷാജഹാന്, സി.എം അസ്കര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."