നടപ്പാലം തകര്‍ന്ന് വില്ലേജ് ഓഫിസര്‍ക്കും യുവാവിനും പരുക്ക്
കാട്ടാക്കട: തോടിനു കുറുകെയുള്ള കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്നുവീണ് വില്ലേജ് ഓഫിസര്‍ക്കും യുവാവിനും പരുക്ക്. വസ്തു പണയപ്പെടുത്തി വായ്പ എടുക്കുന്നതിനായി വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പോയ വീരണകാവ് വില്ലേജ് ഓഫിസര്‍ ജയകുമാര്‍(50), വസ്തു ഉടമ കൈതക്കോണം സ്വദേശി സുധീര്‍(49) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഒപ്പമുണ്ടായിരുന്ന വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൃഷ്ണന്‍കുട്ടി മറുകരയില്‍ എത്തിയ ശേഷം പിന്നാലെ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പൂവച്ചല്‍ പഞ്ചായത്തിലെ കൈതക്കോണം ഉദിയന്നൂര്‍തോടില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് നടപ്പാലമാണ് തകര്‍ന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. രണ്ട് മീറ്ററോളം വീതിയില്‍ നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് നടപ്പാലമാണ് തകര്‍ന്നുവീണത്. തകര്‍ന്ന പാലത്തില്‍ പേരിന് പോലും കമ്പി കാണാനില്ല. ആളുകള്‍ക്ക് സഞ്ചരിക്കാനായി ഇത്തരത്തില്‍ നിരവധി നടപ്പാലങ്ങളാണ് ഉദിയന്നൂര്‍ കൈതക്കോണം തോടിന് കുറുകേ നിര്‍മിച്ചിട്ടുള്ളത്. കാലവര്‍ഷത്തില്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയിരുന്ന തോടില്‍ വേനല്‍ ശക്തി പ്രാപിച്ചതോടെ നീരൊഴുക്ക് കുറഞ്ഞു. വെള്ളം ഇല്ലാതിരുന്നതും പാലത്തിന്റെ അടിയിലല്ലാതെ മാറി വീണതും ദുരന്തം ഒഴിവായി. വില്ലേജ് ഓഫിസറും സുധീറും നടന്നുപോകവേ പൊടുന്നനേ പാലം പൊട്ടി തോട്ടിലേയ്ക്ക് പതിക്കുകയായിരുന്നു.നടപ്പാലം നാല് തുണ്ടുകളായി മുറിഞ്ഞാണ് തോട്ടില്‍ പതിച്ചത്. സംഭവം അറിഞ്ഞ് താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ എത്തി ഇരുവരേയും കാട്ടാക്കട ആശുപത്രിയില്‍ എത്തിച്ച് ചികിത്സനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."