യു.എസിനെ വെല്ലുവിളിച്ച് ചൈന; ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി തുടരും
വിയന്ന: ഇന്ധന ഇറക്കുമതിയില്‍ യു.എസിനെ വെല്ലുവിളിച്ച് ചൈന. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ ആയുധ നിയന്ത്രണ വിഭാഗം ഡയരക്ടര്‍ ജനറല്‍ ഫു കോങ് പറഞ്ഞു. വിയന്നയില്‍ നടന്ന ഇറാന്‍ ആണവ കരാറിലെ അംഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയോട് അനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏകപക്ഷീയമായ ഉപരോധത്തെ തങ്ങള്‍ തള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇറാന്റെ മുഴുവന്‍ ഇന്ധന കയറ്റുമതികളും തടയാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇറാനിലെ യു.എസ് പ്രതിനിധി ബ്രൈന്‍ ഹുക്ക് പറഞ്ഞു. ഇറാനില്‍നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ രാജ്യങ്ങള്‍ക്കുമെതിരേ ഉപരോധം ഏര്‍പ്പെടുത്തും.
ഇന്ധന കയറ്റുമതിയില്‍ ഇറാന് ലഭിക്കുന്ന 50 ബില്യന്‍ ഡോളര്‍ വരുമാനം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് യു.എസ്. ഇറാനുമായി വ്യാപാരം നടത്തണമോ അല്ലെങ്കില്‍ യു.എസുമായി ഇടപാട് നടത്തണമോയെന്ന് യൂറോപ്യന്‍ കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വിയന്നയിലെ ചര്‍ച്ച ആണവ കരാര്‍ സംരക്ഷിക്കാനുള്ള അവസാന അവസരമാണെന്ന് ഇറാന്റെ മുന്നറിയിപ്പ് നല്‍കി. കരാറില്‍ ഒപ്പുവച്ച രാജ്യങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതിന്റെ തൊട്ടുമുന്‍പാണ് ഇറാന്‍ ഭീഷണി മുഴക്കിയത്.
യു.എസ് ഉപരോധത്തില്‍ ആത്മാര്‍ഥതയില്ലാത്ത പരിഹാരം ആവശ്യമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. 2015ല്‍ നിലവില്‍ വന്ന കരാറിലെ ഒപ്പുവച്ച അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനും ഇറാനോട് അവര്‍ക്കുള്ള ഉത്തരവാദിത്തം മനസിലാക്കാനുമുള്ള അവസരമാണ് വിയന്നയിലേത്.
ഇറാനെ പിന്തുണച്ച് കൊണ്ട് ആണവ കരാറില്‍ പങ്കാളികളായ യു.കെ, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ യു.എസിന്റെ സാമ്പത്തിക ഉപരോധത്തില്‍ സംരക്ഷണമേര്‍പ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല. ആണവ കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ച് ഇറാന്‍ മാത്രം നിലനില്‍ക്കണമെന്നത് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ആണവകരാറില്‍നിന്ന് യു.എസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ആശങ്കകള്‍ ഉടലെടുത്തത്. തുടര്‍ന്ന് ഇറാനെതിരേ ഉപരോധമുള്‍പ്പെടെയുള്ള നടപടികളുമായി യു.എസ് രംഗത്തെത്തുകയായിരുന്നു.
യു.എസ് ഉപരോധത്തില്‍നിന്ന് സംരക്ഷണമൊരുക്കിയിട്ടില്ലെങ്കില്‍ ആണവ സമ്പുഷ്ടീകരണത്തിനുള്ള കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തങ്ങളുടെ ഇന്ധനം വില്‍ക്കാനുള്ള സാഹചര്യമുണ്ടാക്കുകയെന്നുള്ളതാണ് ഇറാന്റെ ആവശ്യമെന്ന് ഭരണകൂടത്തിലെ ഉന്നത പ്രതിനിധി അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ഇതാണ് ആണവകരാറില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ആവശ്യം. യൂറോപ്യന്‍ യൂനിയന്‍ ഇറാനില്‍ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെടുന്നില്ല.
തങ്ങളുടെ ഇന്ധനം വില്‍ക്കണമെന്നുള്ളത് മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."