പൊലിസിന്റെ വനിതാ സ്വയംപ്രതിരോധ പരിശീലനം ഇനി സ്വന്തം കെട്ടിടത്തില്‍
കാസര്‍കോട്: സ്ത്രീ സുരക്ഷയുടെ ഭാഗമായി ജില്ലാ ജനമൈത്രി പൊലിസ് സംഘടിപ്പിക്കുന്ന സ്വയം പ്രതിരോധ പരിശീലന ക്ലാസുകള്‍ ഇനി മുതല്‍ സ്വന്തം കെട്ടിടത്തില്‍ നടക്കും. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായിക്ക് അധ്യക്ഷനായി.
സ്ത്രീകള്‍ക്കെതിരേയുണ്ടാവുന്ന ആക്രമണങ്ങളെ നേരിടാനും തനിച്ചാവുമ്പോള്‍ നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളില്‍ നിന്ന് സ്വയം സംരക്ഷണം തേടുന്നതിനുമുള്ള ബാലപാഠങ്ങള്‍ പകരുന്ന ക്ലാസ് കഴിഞ്ഞ വര്‍ഷം വരെ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം മുതല്‍ സ്വന്തം കേന്ദ്രത്തിലേക്ക് ക്ലാസ് മാറുന്നതോടെ താല്‍പര്യമുള്ളവര്‍ക്ക് ഇവിടെയെത്തി പരിശീലനത്തില്‍ പങ്കെടുക്കാം.
കൂടാതെ മുന്‍പ് നടന്നിരുന്ന സ്‌കൂളുകളും സാംസ്‌കാരിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള ക്ലാസുകള്‍ തുടരുകയും ചെയ്യും. സ്ത്രീ സുരക്ഷയുടെ ഭാഗമായി ജില്ലയുടെ വിവിധ മേഖലകളിലേക്കുള്ള മാസ്റ്റര്‍ ട്രെയിനേഴ്‌സിനുള്ള പരിശീലനമാണ് പ്രധാനമായും പുതിയ പരിശീലന കേന്ദ്രത്തില്‍ നല്‍കുന്നത്.
പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വനിതാ പൊലിസുകാര്‍ക്കും പരിശീലനം നല്‍കി അവരെ വിവിധ മേഖലകളിലേക്ക് പരിശീലനം നല്‍കാന്‍ സജ്ജരാക്കുകയാണ് കേന്ദ്രത്തിലെ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് നോഡല്‍ ഓഫിസര്‍ സി.വി നിര്‍മല പറഞ്ഞു. ലിംഗ വിവേചനം, ഗാര്‍ഹിക പീഡനങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചൂഷണങ്ങള്‍ എന്നിവയെക്കുറിച്ചും ഇതിനെതിരേ സ്വീകരിക്കേണ്ട നിയമ നടപടികളും, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകളും പരിശീലന പരിപാടിയില്‍ നല്‍കുന്നുണ്ട്. കൂടാതെ കരാട്ടേ, കുങ്ഫു പോലുള്ള ആയോധന കലകളെ അടിസ്ഥാനമാക്കി ശത്രുവിനെ കായികപരമായി നേരിടുന്നതിനുള്ള അടവുകളും ക്ലാസില്‍ പഠിപ്പിക്കുന്നുണ്ട്.
അഞ്ച് ദിവസങ്ങളിലായാണ് ഒരോ ബാച്ചിനും പരിശീലനം നല്‍കുന്നത്. ജില്ലാ പൊലിസ് മേധാവി, നോഡല്‍ ഓഫിസര്‍ സി.വി നിര്‍മല എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.
ഈ വര്‍ഷത്തെ പരിശീലനം കാസര്‍കോട് ഗവ. മഹിളാ മന്ദിരത്തിലെ 12 അന്തേവാസികളുമായി കഴിഞ്ഞ ദിവസം ആരംഭിച്ചു. വരും ദിനങ്ങളിലും പരിശീലനം തുടരുമെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു. താല്‍പ്പര്യമുള്ളവര്‍ 1091, 04994 257591, 9497987223 എന്നീ ഫോണ്‍ നമ്പറുകളിലോ കാസര്‍കോട് വനിതാ സെല്ലുമായോ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."