കന്യാസ്ത്രീക്കെതിരേ സഭാ നടപടി
മാനന്തവാടി: ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നയിച്ച കന്യാസ്ത്രീകളെ പിന്തുണച്ചതിനും സമരപ്പന്തലില്‍ പോയതിനും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പീഡനങ്ങളെക്കുറിച്ച് പ്രതികരിച്ചതിനും സിസ്റ്റര്‍ ലൂസി എഫ്.സി.സി.യെ ഇടവക പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കി മാനന്തവാടി രൂപത.
സന്യാസ സഭയില്‍നിന്ന് പുറത്താക്കുന്നതിന്റെ ആദ്യ നടപടിയാണിത്. മാനന്തവാടി രൂപത പരിധിയില്‍പ്പെട്ട കാരക്കാമല ഇടവകയിലെ മീത്തില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗ്രേഷന്‍ സഭാംഗമാണ് സിസ്റ്റര്‍ ലൂസി. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലില്‍ ചര്‍ച്ചയിലും രണ്ട് ദിവസം സമരപ്പന്തലിലും പോയിരുന്നു.
ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയും എഴുത്തുകാരിയും കൂടിയാണ് സിസ്റ്റര്‍ ലൂസി. കഴിഞ്ഞ രണ്ടാഴ്ചയായി തനിക്കെതിരേ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തി പ്രചാരണം നടക്കുകയാണെന്ന് കാണിച്ച് പൊലിസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് സിസ്റ്റര്‍ക്കെതിരെ നടപടി.
സണ്‍ഡേ സ്‌കൂള്‍, വിശുദ്ധ കുര്‍ബാന നല്‍കല്‍, കെ.സി.വൈ.എം മിഷന്‍ ലീഗ് പോലുള്ള സംഘടനകളിലെ പ്രവര്‍ത്തനം എന്നിവയില്‍നിന്ന് മാറി നില്‍ക്കാനാണ് ഇടവക വികാരി സ്റ്റീഫന്റെ നിര്‍ദേശ പ്രകാരം മദര്‍ സുപ്പീരിയര്‍ അറിയിച്ചത്.
തന്നെ ഇടവക പ്രവര്‍ത്തനങ്ങളില്‍ വിലക്കിയത് എന്ത് അയോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന വിശദീകരണം ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കണമെന്നും കന്യാസ്ത്രീയെ 13 തവണ ബലാത്സംഗം ചെയ്ത ബിഷപ്പിനെതിരേ നടപടിയെടുക്കാന്‍ മടിക്കുന്ന സഭ, തനിക്കെതിരേ അപ്രതീക്ഷമായി നടപടിയെടുത്തതില്‍ ദൂരുഹതയുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു.
അതേസമയം, സിസ്റ്റര്‍ക്കെതിരേയുള്ള നടപടി വരും ദിവസങ്ങളില്‍ ഇടവകയിലും രൂപതയിലും വന്‍ പൊട്ടിത്തെറികള്‍ക്കിടയാക്കും.
കെ.സി.വൈ.എമ്മിന്റെ സജീവ പ്രവര്‍ത്തകയായ സിസ്റ്റര്‍ക്കെതിരായ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സിസ്റ്റര്‍ക്കെതിരായ നടപടി അധികാരത്തിന്റെ അഹങ്കാരമാണെന്ന് വിശ്വാസികളും പ്രതികരിച്ചു. എന്നാല്‍ സിസ്റ്റര്‍ ലൂസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഇടവക വികാരി പത്രപ്രസ്താവനയില്‍ അറിയിച്ചു.
ഇടവകക്കൂട്ടായ്മയുടെ ആത്മീയമായ വളര്‍ച്ചയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തി എന്ന നിലയില്‍ ഇടവകയില്‍ രൂപപ്പെട്ടിരിക്കുന്ന പൊതുവികാരത്തെ അവരുടെ സുപ്പീരിയര്‍ വഴി പ്രസ്തുത വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് വികാരി സ്റ്റീഫന്റ് അറിയിച്ചു.
ഒരു കത്തോലിക്കാവിശ്വാസി എന്ന നിലയിലും സന്ന്യാസിനി എന്ന നിലയിലും സഭാപരമായ യാതൊരു വിലക്കുകളും സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്നും കാരക്കാമല ഇടവകയുടെ പേരിലിറങ്ങിയ പത്രപ്രസ്താവനയില്‍ വികാരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."