വഴിയില്‍ വീണുടയുന്നു ലോക കേരള സഭ
'ഒന്നിക്കാം സംവദിക്കാം മുന്നേറാം' പ്രഥമ ലോക കേരള സഭയുടെ മുദ്രാവാക്യമായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വരച്ചുവച്ച ഔദ്യോഗിക അതിര്‍ത്തികള്‍ക്കപ്പുറം കേരളം വളരുന്നു എന്ന് ലോകത്താകെ അറിയിക്കുക, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഇവിടെ മാന്യമായി ജീവിക്കാനുള്ള സൗകര്യമൊരുക്കുക എന്നതായിരുന്നു ലോക കേരള സഭയുടെ രൂപീകരണത്തിനു പിന്നില്‍. ലോകമെമ്പാടുമുള്ള കേരളീയരുടെ പൊതുവേദിയായി മാറ്റി പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് ഒരുക്കുക എന്നും ലക്ഷ്യം വച്ചിരുന്നു. എന്നാല്‍ സി.പി.എമ്മിലെ ഒരു വിഭാഗം മാടമ്പിമാരുടെ ധാര്‍ഷ്ട്യം മൂലം ലോക കേരള സഭ വഴിയില്‍ വീണുടയുന്ന കാഴ്ചയാണ് ലോക മലയാളികള്‍ കാണുന്നത്.
പ്രതിപക്ഷ സഹകരണത്തോടെ 2018 ജനുവരി 12നും 13നുമാണ് തലസ്ഥാനത്തെ നിയമസഭാ മന്ദിരത്തില്‍ ലോക കേരള സഭ പിറന്നുവീണത്. കേരള നിയമസഭയിലെ 140 അംഗങ്ങളും കേരളത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 173 പേര്‍. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ വ്യക്തികള്‍ ഉള്‍പ്പെടെ 351 അംഗബല മുള്ളതായിരുന്നു ലോക കേരള സഭയുടെ പ്രഥമ സമ്മേളനം. പ്രവാസി സമൂഹത്തിന് അഭിപ്രായം പറയാനുള്ള ജനാധിപത്യ വേദിയെന്ന പ്രഖ്യാപനത്തോടെയായിരുന്നു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ വികസനവും പ്രവാസികളുടെ പ്രശ്‌നങ്ങളും ഉള്‍പ്പെടെ നിരവധി വിഷയങ്ങളുമാണ് രണ്ടുദിവസമായി ചേര്‍ന്ന ലോക കേരള സഭ അന്നു ചര്‍ച്ച ചെയ്തത്. ദുരിത പൂര്‍ണമായ പ്രവാസജീവിതം രേഖപ്പെടുത്താനുള്ള വേദിയായി കൂടി ലോക കേരള സഭ മാറി. പിന്നീട് ദുബൈയിലും ലോക കേരള സഭയുടെ മേഖലാസമ്മേളനം അരങ്ങേറി. ലോക കേരള സഭയുടെ വേദികളിലെല്ലാം പിണറായി വിജയന്‍ പ്രവാസികളുടെ ഉന്നമനത്തിനുവേണ്ടിയാണ് സഭ രൂപീകരിച്ചതെന്ന പ്രഖ്യാപനങ്ങള്‍ യഥേഷ്ടം പറഞ്ഞുകൊണ്ടിരുന്നു.
എന്നാല്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജനോട് കാണിച്ച അനീതി പ്രവാസ ലോകം സര്‍ക്കാരിനും സി.പി.എമ്മിനും മേലുള്ള വിശ്വാസം നഷ്ടമായി. സാജന്‍ സ്വയം ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ വൈസ് ചെയര്‍മാനായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യം സ്ഥാനം രാജിവച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷത്തിലെ 41 എം.എല്‍.എമാര്‍ കഴിഞ്ഞദിവസവും രാജിവച്ചു. എം.പിമാരും രാജി വച്ചേയ്ക്കും. ഇതോടെ സര്‍ക്കാര്‍ പ്രവാസികളോട് അഭിമാനത്തോടെ പറഞ്ഞിരുന്ന ലോക കേരള സഭ പെരുവഴിയിലായിരിക്കുകയാണ്. മാത്രമല്ല ഐക്യമില്ലാത്ത ലോക കേരള സഭയുമായി സര്‍ക്കാരിനു മുന്നോട്ടുപോകാന്‍ കഴിയുമോ എന്നും കണ്ടറിയണം.
ലോക കേരള സഭ രൂപം കൊടുത്തപ്പോള്‍ തന്നെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇടം നഷ്ടമായിരുന്നു. മാറി മാറി വരുന്ന ഭരണത്തോടൊപ്പം നില്‍ക്കുന്ന വന്‍ വ്യവസായികള്‍ക്ക് സ്ഥാനം ഉറപ്പിക്കുക എന്നതായിരുന്നു ലോക കേരള സഭ വഴി സര്‍ക്കാര്‍ ചെയ്തത്. യൂസഫലിയും രവി പിള്ളയും ഉള്‍പ്പെട്ട ഇഷ്ടക്കാരെല്ലാം ലോക കേരള സഭയുടെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടു. സാധാരണക്കാരായ പ്രവാസികള്‍ ലോക കേരള സഭയുടെ ഏഴയലത്തു പോലും എത്തിയില്ല. ലക്ഷങ്ങള്‍ പാര്‍ട്ടി ഫണ്ടിലേക്ക് പിരിക്കാന്‍ തട്ടിക്കൂട്ടിയ സഭയാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നെങ്കിലും സാധാരണക്കാരായ പ്രവാസികള്‍ക്ക് ചെറിയ തോതിലെങ്കിലും സഹായമാകട്ടെ എന്നു കരുതിയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങള്‍ ലോക കേരള സഭയില്‍ സഹകരിച്ചത്. എന്നാല്‍ പ്രവാസികളോട് സര്‍ക്കാരും സി.പി.എമ്മും കാണിക്കുന്ന ഇരട്ടത്താപ്പ് ആന്തൂരിലെ പ്രവാസിയുടെ മരണത്തോടെയാണ് പ്രതിപക്ഷത്തിന് ബോധോദയം ഉണ്ടായത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികളോടുള്ള നിഷേധാത്മകമ നിലപാടിന്റെ രക്തസാക്ഷിയാണ് ആന്തൂരിലെ പ്രവാസി സംരംഭകനായ സാജന്‍ പാറയിലെന്ന് എം.എല്‍.എമാര്‍ സംയുക്തമായി മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ പറയുന്നത് തന്നെ ഇതില്‍ നിന്ന് വ്യക്തമാണ്. ലോക കേരള സഭയിലും മറ്റു വേദികളിലും പ്രവാസികളെ കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ക്ഷണിക്കുന്ന സര്‍ക്കാരിന് അവരോട് നീതി പുലര്‍ത്തുവാന്‍ സാധിക്കുന്നില്ല. കേരളത്തില്‍ വ്യവാസയങ്ങള്‍ ആംരഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് 'ആന്തൂര്‍ സംഭവം' നല്‍കുന്ന തെറ്റായ സന്ദേശം തിരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തത് പ്രവാസികളെയാകെ വേദനിപ്പിക്കുന്നു. അന്യനാട്ടില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ സംരംഭം തുടങ്ങാന്‍ സംരക്ഷണം ലഭിക്കാത്ത ഇപ്പോഴത്തെ സാഹചര്യം ലോക കേരള സഭയെ അര്‍ഥരഹിതമാക്കുന്നു. അതിനാലാണ് തങ്ങള്‍ ലോക കേരള സഭയുടെ അംഗത്വം രാജിവയ്ക്കുന്നതെന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
പ്രവാസി സമൂഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും നിര്‍ദേശങ്ങള്‍ക്കു പ്രായോഗികമായ രൂപരേഖ തയാറാക്കാനും വിവിധ കമ്മിഷനുകള്‍ രൂപീകരിച്ചും ഇവ പ്രത്യേക സെക്രട്ടേറിയറ്റിനു കീഴിലാക്കിയുമായിരുന്നു പ്രവര്‍ത്തനം. പ്രവാസി വാണിജ്യ ചേംബര്‍, വിദേശ രാജ്യങ്ങളില്‍ മലയാളികളുടെ പ്രഫഷനല്‍ സമിതികള്‍, കേരള വികസന നിധി, പ്രവാസി വായ്പാപദ്ധതി, നോര്‍ക്കയില്‍ പ്രത്യേക വിഭാഗങ്ങള്‍ എന്നിവയെല്ലാം വിഭാവന ചെയ്തുവെങ്കിലും ഇതെല്ലാം സമ്പന്നരായ പ്രവാസികള്‍ക്ക് മാത്രമായി മാറി. അതേസമയം, സാധാരണക്കാരായ പ്രവാസികളേ ഒരു മുഴം കയറില്‍ ജീവന്‍ വെടിയേണ്ട അവസ്ഥയിലേക്ക് തള്ളിയിട്ടു. കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ ചരിത്രത്തില്‍ ലോക കേരള സഭ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ക്കുക എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. അതേ, അതു തന്നെ സംഭവിച്ചു. പ്രവാസി സ്വയം ജീവനൊടുക്കിയതിലൂടെ പ്രവാസലോകത്ത് പുതിയ ചരിത്രം എഴുതിയിരിക്കുകയാണ് സര്‍ക്കാരും സി.പി.എമ്മും.
രാജി പുനപ്പരിശോധിക്കണം,
ലോക കേരള സഭ
നിലനില്‍ക്കണം- മുഖ്യമന്ത്രി
കേരളത്തിന്റെ വികസനത്തില്‍ നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്ന വിധം പ്രവാസികളെക്കൂടി വികസന മുന്നേറ്റത്തില്‍ എങ്ങനെ പങ്കാളിയാക്കാം എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ലോക കേരളസഭ രൂപീകരിച്ചത്. പ്രവാസികളുടെ നിക്ഷേപസാധ്യതകളെ പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന അവസരത്തിലാണ് ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ കെട്ടിടനിര്‍മാണ പ്രശ്‌നവുമായി ബന്ധപ്പെട്ട് സാജന്‍ എന്ന പ്രവാസി ആത്മഹത്യ ചെയ്ത ദാരുണമായ സംഭവമുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട നഗരസഭയിലെ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ചും പുതിയ ചട്ടങ്ങള്‍ നിര്‍മിക്കുന്നതിന് തയ്യാറെടുക്കുന്ന കാര്യവും സഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.
നിയമത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി പ്രവാസി നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് പൊതുവായ ചര്‍ച്ചകള്‍ രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തം വര്‍ധിച്ചഘട്ടം കൂടിയാണിത്. അത്തരം ഉത്തരവാദിത്തത്തിലേക്ക് പോകുന്നതിനു പകരം ലോക കേരളസഭയുമായി ബന്ധപ്പെട്ട സമിതികളില്‍ നിന്നും പിന്മാറുന്നു എന്ന തീരുമാനമാണ് പ്രതിപക്ഷ എം.എല്‍.എമാരുടെ കത്തിലൂടെ ലഭിച്ചത്.
ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അധികാരമുള്ളൂ എന്ന കാര്യം നിയമസഭാ സാമാജികര്‍ക്ക് അറിയാത്ത കാര്യമല്ലല്ലോ. എന്നിട്ടും നഗരസഭാ ചെയര്‍പേഴ്‌സണ് എതിരായി നടപടിയെടുക്കണമെന്ന വിചിത്ര വാദമാണ് ഇവിടെ ഉന്നയിക്കുന്നത്. ഇത്തരമൊരു സമീപനം എല്ലായിടങ്ങളിലും സ്വീകരിച്ചാല്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ജനപ്രതിനിധികള്‍ എന്തെല്ലാം കാര്യത്തില്‍ കുറ്റവാളിയാകേണ്ടിവരും എന്ന കാര്യവും ആലോചിക്കേണ്ടതുണ്ട്. യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ലോക കേരളസഭയില്‍ നിന്ന് പിന്മാറാനുള്ള പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷ എം.എല്‍.എമാരുടെയും തീരുമാനം പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."