ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം മന്ത്രി എം.എം മണി നിര്‍വഹിക്കും
കൊല്ലം: സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി ജില്ലയില്‍ 8 കോടി 9 ലക്ഷം രൂപ ചെലവായതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊല്ലം, കൊട്ടാരക്കര ഇലക്ട്രിക്കല്‍ സര്‍ക്കിളുകള്‍ക്ക് കീഴില്‍ കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷനുകളിലായി 55 ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയിലാണ് ജില്ലയിലെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 23ന് വൈകിട്ട് 6ന് കുണ്ടറയില്‍ മന്ത്രി എം.എം മണി ജില്ല സമ്പൂര്‍ണ്ണ വൈദ്യുതീരണം കൈവരിച്ചതിന്റെ പ്രഖ്യാപനം നടത്തും. 22.5 കി.മീ സിംഗിള്‍ ഫേസ് ലൈന്‍ വലിച്ചാണ് 9282 വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ഇതില്‍ ബി.പി.എല്‍-8022, എസ്.സി-2985, എസ്.ടി-234 കുടുംബങ്ങളും 11 അംഗന്‍വാടികളും ഉള്‍പ്പെടുന്നു.
എം.എല്‍.എമാര്‍, എം.പിമാര്‍ അടങ്ങിയ ജനപ്രതിനിധികളുടെ ആസ്ഥിവികസനഫണ്ട്, പ്രത്യേകവികസനഫണ്ട്, പട്ടികജാതിവര്‍ഗ്ഗവികസനഫണ്ട്, വിവിധ പഞ്ചായത്തുകളുടെ ഫണ്ടുകളും ബാക്കി വൈദ്യുതിവകുപ്പിന്റെ തനതുഫണ്ടും വൈദ്യുതീകരണത്തിന് ഉപയോഗിച്ചു. പദ്ധതിയിലുള്‍പ്പെടുത്തി കുളത്തൂപ്പുഴ പഞ്ചായത്തിലെ റോസ്മല, ആര്യങ്കാവ് പഞ്ചായത്തിലെ രാജാകൂപ്പ് എന്നിവിടങ്ങളില്‍ മുന്നൂറില്‍പ്പരം വീടുകളിലേക്ക് വനത്തിലൂടെ പത്തു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ വലിച്ചാണ് വൈദ്യുതി എത്തിച്ചതെന്നും മന്ത്രി പറഞ്ഞു. എം മുകേഷ് എം.എല്‍.എ, വൈദ്യുതിബോര്‍ഡ് കൊല്ലം ഡെ.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബീനാ പയസ്, കൊട്ടാരക്കര സര്‍ക്കിള്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വി.കെ മണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."