മഴക്കെടുതി; ദുരന്തപ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു
കല്‍പ്പറ്റ: പ്രളയക്കെടുതിയിലും ഉരുള്‍പൊട്ടലിലും വന്‍ നാശം നേരിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു.
കൃഷി മന്ത്രാലയം ജോ.സെക്രട്ടറി ഡോ. ബി. രാജേന്ദറിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഗ്രാമവികസന മന്താലയം ഡയരക്ടര്‍ ധരംവീര്‍ ഝാ, ഊര്‍ജ്ജമന്ത്രാലയം ചീഫ് എഞ്ചിനിയര്‍ വന്ദന സിംഗാള്‍, കൃഷി വകുപ്പ് ജോ.ഡയരക്ടര്‍ പൊന്നുസാമി, ദുരന്തനിവാരണ കോഡിനേറ്ററും ഹസാഡ് അനലിസ്റ്റുമായ ജി.എസ് പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ശനി വൈകിട്ട് ജില്ലയിലെത്തിയ സംഘം ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ചു. നാശനഷ്ടത്തെ സംബന്ധിച്ച കണക്കുകള്‍ ജില്ലാ കലക്ടര്‍ അവതരിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതോടെ വൈത്തിരി ബസ് സ്റ്റാന്‍ഡിലെ തകര്‍ന്ന ഇരുനില കെട്ടിടം പരിശോധിച്ചാണ് സന്ദര്‍ശനം തുടങ്ങിയത്. തുടര്‍ന്ന് ഉരുള്‍പ്പൊട്ടലുണ്ടായ പൊഴുതന അമ്മാറ, കുറിച്ച്യാര്‍മല, പിലാക്കാവ് മണിയംക്കുന്ന്, പഞ്ചാരക്കൊല്ലി എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിച്ചു. വെള്ളപ്പാച്ചിലില്‍ തകര്‍ന്ന വീടുകളെ കുറിച്ചും ജീവന്‍ നഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങളെ കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ നാശനഷ്ടത്തിന്റെ വ്യാപ്തിയും വിശദാംശങ്ങളും സംഘത്തിന് വിശദീകരിച്ചു നല്‍കി. ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങള്‍ നടന്ന് കണ്ട സംഘം പ്രദേശത്തെ താമസക്കാരുടെ വിവരങ്ങളും ആരാഞ്ഞു. ദുരന്തബാധിതരുമായി സംസാരിക്കാനും സമയം കണ്ടെത്തി. കനത്തമഴയില്‍ ഭൂമി ഇടിഞ്ഞ് താഴ്ന്ന തൃശിലേരി പ്ലാമൂലയിലെ കൃഷി ഭൂമിയും തകര്‍ന്ന വീടുകളും സംഘം പരിശോധിച്ചു.
വൈദ്യൂതി വകുപ്പിന്റെ നാശനഷ്ടങ്ങള്‍ ഊര്‍ജ്ജമന്ത്രാലയം ചീഫ് എഞ്ചിനിയര്‍ വന്ദന സിംഗാള്‍ പ്രത്യേകം ചോദിച്ചറിഞ്ഞു. പ്രളയജലം കയറി കൃഷി നശിച്ച പടിഞ്ഞാറത്തറ പാണ്ടംകോട് പ്രദേശവും മണല്‍ വന്ന് തൂര്‍ന്ന നിര്‍വാരം പ്രദേശത്തെ വയലുകളും സംഘം സന്ദര്‍ശിച്ചു. കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞ് തകര്‍ന്ന മാനന്തവാടി തോണിച്ചാലിലെ റോഡും സംഘം പരിശോധിച്ചു. എ.ഡി.എം കെ. അജീഷ്, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, സൗത്ത് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. വിജയകുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ്, ലൈഫ് മിഷന്‍ കോഡിനേറ്റര്‍ കെ. സിബി വര്‍ഗീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എം.എസ് ദിലീപ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ ഷാജി അലക്‌സാണ്ടര്‍, ജില്ലാ ഐ.ടി.ഡി.പി ഓഫിസര്‍ വാണീദാസ്, ഹരിതകേരളം മിഷന്‍ കോഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ സംഘത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."