മുളിയാര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വിമതര്‍ക്ക് വിജയം
ബോവിക്കാനം: മുളിയാര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിനു വിജയം. ഔദ്യോഗിക പക്ഷവും മുസ്‌ലിം ലീഗും മത്സരത്തില്‍നിന്നു നേരത്തെ പിന്മാറിയിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശം മറികടന്ന് മത്സരിച്ച ഏഴുപേരും ഔദ്യോഗിക പക്ഷത്തുനിന്നു വിമത വിഭാഗത്തിലേക്കുമാറിയ മൂന്നുപേരടക്കം പത്തു പേരുമാണ് വിജയിച്ചത്. നിക്ഷേപക വിഭാഗത്തിലേക്ക് മത്സരിച്ച ഒരംഗം നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 4453 വോട്ടര്‍മാരില്‍ 1426പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദൂര്‍ എസ്.ഐ എം.എം മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്ത് ക്യാംപുചെയ്യ്തിരുന്നു. നാളെ വൈകുന്നേരം മൂന്നിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. കെ. രാമചന്ദ്രന്‍ നായര്‍ പ്രസിഡന്റും ടി. ഗോപിനാഥന്‍ നായര്‍ വൈസ് പ്രസിഡന്റുമാവാനാണ് സാധ്യത.
പതിനൊന്നംഗങ്ങളുള്ള സഹകരണ ബാങ്കില്‍ രണ്ടു സീറ്റ് മുസ് ലിം ലീഗിനു നല്‍കുകയും ഒന്‍പതു സ്ഥാനാര്‍ഥികളെ ഡി.സി.സി നേതൃത്വം പ്രഖ്യാപിക്കുകയു ചെയ്തിരുന്നു. എന്നാല്‍, ഡി.സി.സിയുടെ സ്ഥാനാര്‍ഥിപട്ടിക അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസിലെ വിമതവിഭാഗം രംഗത്തുവന്നതോടെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് രൂക്ഷമാവുകയായിരുന്നു. ഇതേതുടര്‍ന്ന് മുസ്‌ലിം ലീഗും കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷവും മത്സരത്തില്‍ നിന്നു പിന്മാറിയിരുന്നു. എന്നാല്‍ പിന്മാറ്റം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു ശേഷമായതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."