2024ല്‍ ട്രംപ് മത്സരരംഗത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന
വാഷിങ്ടണ്‍: ജോ ബൈഡനെതിരേ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റ ഡൊണാള്‍ഡ് ട്രംപ് 2024ല്‍ വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്തുമെന്ന് സൂചന. ഇതിനായുള്ള ഒരുക്കങ്ങള്‍ക്ക് ട്രംപ് തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ പ്രസിഡന്റ് കാലയളവ് കഴിയുന്നതിനു മുന്‍പ് 2024ലെ തന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ പ്രഖ്യാപനം നടത്താന്‍ ട്രംപിന് പദ്ധതികളുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ അമേരിക്കയില്‍ വീണ്ടും ട്രംപ്-ബൈഡന്‍ പോരാട്ടത്തിന് കളമൊരുങ്ങും. നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന ട്രംപ്, സാവകാശം യാഥാര്‍ഥ്യത്തിലേക്കടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്നാരോപിച്ച് നിരവധി സംസ്ഥാനങ്ങളില്‍ ട്രംപ് കോടതിയെ സമീപിച്ചിരുന്നു.
2021 ജനുവരിയോടെ വൈറ്റ് ഹൗസില്‍നിന്ന് പടിയിറങ്ങുന്ന ട്രംപ്, വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡനെ പരാജയപ്പെടുത്തി ഭരണ സിരാകേന്ദ്രത്തിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2024വരെ രാഷ്ട്രീയ, മാധ്യമ രംഗങ്ങളില്‍ സജീവമായി നിലനില്‍ക്കാനാണ് ട്രംപിന്റെ തീരുമാനം. തന്റെ ഭരണകാലത്ത് മാധ്യമങ്ങളെ എപ്പോഴും ഒരടി അകലത്തില്‍ മാത്രം നിര്‍ത്തിയിരുന്ന ട്രംപ്, സ്വന്തമായി ഒരു മാധ്യമ സ്ഥാപനം തുടങ്ങാനും ആലോചിക്കുന്നുണ്ട്. എന്നാല്‍ പ്രതീക്ഷിക്കത്ത വിജയം കാണില്ലെന്ന വിലയിരുത്തലില്‍ ഉപേക്ഷിക്കാനാണ് സാധ്യത.
കോര്‍പറേറ്റുകള്‍ക്കും മറ്റും വേണ്ടിയുള്ള പ്രചാരണ പരിപാടികളിലും ഇക്കാലയളവില്‍ ട്രംപ് പങ്കെടുക്കും. ഭരണത്തിലേറിയതോടെ കൈമോശം വന്നുപോയ ബിസിനസ് കാര്യങ്ങളില്‍ ട്രംപ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും തന്റെ ഭരണകാലയളവ് ആസ്പദമാക്കി ഒരു ഓര്‍മക്കുറിപ്പ് പുറത്തിറക്കാന്‍ പ്രസിഡന്റിന് താല്‍പര്യമുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും സ്ഥാനാര്‍ഥിയാകുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍തന്നെ ആഭ്യന്തര വഴക്കുകള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി മുന്‍ നാഷനല്‍ കമ്മിറ്റി ചെയര്‍മാന്‍ മൈക്കിള്‍ സ്റ്റീലെ എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തുകയും ചെയ്തു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ട്രംപ് തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."