മാസപ്പടിയെ എതിര്‍ത്ത റേഷന്‍ വ്യാപാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: റേഷന്‍ വ്യാപാരിയോട് ടെലഫോണില്‍ വധഭീഷണി മുഴക്കിയ താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് സസ്പെന്ഷന്. കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസര്‍ സാബു കെ. വര്‍ഗീസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
താലൂക്കിലെ 168ാം നമ്പര്‍ റേഷന്‍ കടയിലെ സെയില്സ്മാന് ടി.വി സുനില്‍കുമാറിനെ ഫോണില്‍ വിളിച്ചു കഴുത്തുവെട്ടി കൊലപ്പെടുത്തുമെന്നും ലൈസന്‍സി ടി.വി സുജാതയെ ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയതിനാണ് നടപടി.
വധഭീഷണിയുടെ ടെലഫോണ്‍ ശബ്ദരേഖ സഹിതം മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും പരാതി ലഭിച്ചിരുന്നു.
നിര്‍ബന്ധിത മാസപ്പടി പിരിച്ചുവരുന്ന ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. 500 മുതല്‍ 2,000 രൂപ വരെ കാര്‍ഡ് എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പിരിവ് നടത്താറുണ്ട്. താലൂക്കിലെ 135 റേഷന്‍ കടകളില്‍നിന്ന് മാസപ്പടി പിരിച്ചെടുത്ത് നല്‍കുന്നത് എ.കെ.ആര്.ആര്.ഡി.എ എന്ന സംഘടനയുടെ നേതാവാണ്. മാസപ്പടി നല്കാത്തവരുടെ കടയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വന്‍ തുക കൈക്കൂലി ആവശ്യപ്പെടുകയാണ് ഇയാളുടെ രീതി.
ഒരു വര്‍ഷം മുന്‍പ് മാസപ്പടി നല്കാന് വിസമ്മതിച്ച സുനിലിനോടും 25,000 രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
പണം നല്കാന് വിസമ്മതിച്ചതോടെ സുനില്‍കുമാറിന്റെ കടയുടെ ലൈസന്‍സ് വ്യാജ പരാതി ചമച്ച് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനെതിരേ പരാതി നല്കിയ സുനിലിനെ നിരവധി തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."