തിരുനെല്ലി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രവാസിയുടെ ആത്മഹത്യാ ശ്രമം
കാട്ടിക്കുളം (വയനാട്): മത്സ്യക്കച്ചവടത്തിന് അനുമതിക്കായി മൂന്ന് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച അപേക്ഷയില്‍ ഇനിയും തുടര്‍നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മുന്‍ പ്രവാസിയുടെ ആത്മഹത്യാ ശ്രമം. തിരുനെല്ലി പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് ഇന്നലെ രാവിലെ 11 മണിയോടെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കാട്ടിക്കുളം രേഷ്മ നിവാസ് പി.വി വേണുവാണ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
പതിനഞ്ച് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ വേണു എല്ലാവിധ രേഖകളുമടക്കം മൂന്ന് വര്‍ഷം മുന്‍പാണ് മത്സ്യവ്യാപാരം നടത്താനുള്ള അനുമതിക്കും ലൈസന്‍സ് ലഭിക്കാനുമായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഞ്ചായത്ത് ഓഫിസ് നിരവധി തവണ കയറിയിറങ്ങിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല.
ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധിച്ച് അനുമതി നല്‍കിയതായും വേണു പറഞ്ഞു. അനധികൃതമായി ഇവിടെ മത്സ്യക്കച്ചവടം തകൃതിയില്‍ നടക്കുമ്പോള്‍ എല്ലാ രേഖകളും ഉണ്ടായിട്ടും അനുമതി നല്‍കാത്തതിലുള്ള വിഷമത്തിലാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് വേണു പറഞ്ഞു.
പെട്രോള്‍ നിറച്ച കന്നാസുമായാണ് ഇന്നലെ വേണു പഞ്ചായത്ത് ഓഫിസിന് മുന്നിലെത്തിയത്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന സി.പി.ഐ മണ്ഡലം സെക്രട്ടറി വി.കെ ശശിധരനും മറ്റു പ്രവര്‍ത്തകരും ചേര്‍ന്ന് ആത്മഹത്യയില്‍നിന്നും വേണുവിനെ പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് മായാദേവിയുമായി ചര്‍ച്ച നടത്തുകയും അവധിയിലുള്ള സെക്രട്ടറി അനില്‍കുമാര്‍ എത്തിയാല്‍ ഫയലുകള്‍ പരിശോധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനം എടുക്കുമെന്ന് ഉറപ്പും നല്കി. ഇതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് വിരാമമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."