പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് ചട്ടവിരുദ്ധമായി ഫീസ് ഈടാക്കരുതെന്ന്
തൃശൂര്‍: ഗവ.കോളജ്, സ്‌കൂള്‍ തലങ്ങളിലെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് വിവിധ ഫണ്ടുകളടക്കം ചട്ടവിരുദ്ധമായി ഫീസ് ഈടാക്കരുതെന്ന് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമസമിതി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ട പരാതിക്കാരുടെയും സിറ്റിങ്ങിലാണ് സമിതിയുടെ തീരുമാനം. സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷനായി. സമിതി അംഗങ്ങളും എം.എല്‍.എമാരുമായ കോവൂര്‍ കുഞ്ഞുമോന്‍, വി.പി സചീന്ദ്രന്‍, സി.കെ ആശ, ഒ.ആര്‍ കേളു, യു.ആര്‍ പ്രദീപ്, ജില്ലാകലക്ടര്‍ ടി.വി അനുപമ, ജോ.സെക്രട്ടറി ആര്‍. സജീവന്‍ പങ്കെടുത്തു.
തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളജിലെ പട്ടികജാതി വിദ്യാര്‍ഥിയില്‍ നിന്ന് ഒരു വര്‍ഷം പി.ടി.എ. ഫണ്ടായി 37,835 രൂപ ഈടാക്കിയെന്ന പരാതി സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു സമിതി നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ഇത് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പട്ടികജാതി-വര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സമിതി അറിയിച്ചു.
അച്ചന്‍കുന്ന് പട്ടികജാതി കോളനിയിലെ പട്ടയമില്ലാത്ത 16 അന്തേവാസികള്‍ക്ക് ഉടന്‍ പട്ടയം അനുവദിക്കണമെന്നും ഇതു നല്‍കി ഒരു മാസത്തിനകം സമിതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചാവക്കാട് താലൂക്കില്‍ താമസിക്കുന്ന പത്ത് പട്ടികജാതി കുടുംബങ്ങള്‍ക്ക് വഴി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്താന്‍ തീരുമാനമായി. സിറ്റിങ്ങില്‍ വന്ന പുതിയ പരാതി ഉള്‍പ്പെടെ എല്ലാ പരാതികളും തീര്‍പ്പാക്കി. നേരത്തെ കിട്ടിയിട്ടുള്ളതും തീര്‍പ്പാക്കാനുള്ളതുമായ പരാതികള്‍ സമിതി പഠിച്ച് സര്‍ക്കാരിനു കൈമാറും.
തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ചെമ്പൂക്കാവ് ഓഫിസില്‍ സമിതി അംഗങ്ങളായ സമിതി ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എ, എം.എല്‍.എമാരുമായ കോവൂര്‍ കുഞ്ഞുമോന്‍, വി.പി സചീന്ദ്രന്‍, സി.കെ ആശ, ഒ.ആര്‍ കേളു എന്നിവര്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി.
വായ്പാ സൗകര്യങ്ങള്‍ സുതാര്യമാക്കി പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ അംഗങ്ങളെ സ്വയംത്തൊഴിലില്‍ വ്യാപൃതരാക്കാന്‍ സമിതി നിര്‍ദ്ദേശിച്ചു. സ്ത്രീ ശാക്തീകരണത്തോടൊപ്പം പുരുഷന്മാര്‍ക്കുള്ള സഹായങ്ങളും നല്ലരീതിയില്‍ നടപ്പാക്കണമെന്നും സമിതിയംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.
മാനേജിങ് ഡയറക്ടര്‍ ഡോ. എം.എ നാസര്‍, പ്രൊജക്ട് മാനേജര്‍ വി. ശശികുമാര്‍, മാനേജര്‍ പി.എസ് രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."