ഈ ജൂണ്‍ ചതിച്ചാശാനേ...
കോഴിക്കോട്: ഇത്തവണത്തേതു പോലൊരു ജൂണ്‍മാസം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെക്കാലത്തേക്ക് മഴ കുറഞ്ഞ ജൂണ്‍ ഇല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1983നു ശേഷം ഏറ്റവും മഴകുറഞ്ഞ ജൂണാണ് ഇത്തവണ കഴിഞ്ഞുപോയത്. ജൂണ്‍ 30വരെ കേരളത്തില്‍ പെയ്തത് 358.5 മില്ലിമീറ്റര്‍ മഴ. നമുക്ക് ശരാശരി ലഭിക്കേണ്ടത് 649. 8 മില്ലിമീറ്റര്‍ മഴയാണ്. 44 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇത്തവണ കേരളത്തിലെ എല്ലാ ജില്ലകളിലും ഇതുവരെ ശരാശരിയിലും കുറഞ്ഞ മഴയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലയോര ജില്ലകളായ വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ ആണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. വയനാട്ടില്‍ 63 ശതമാനവും ഇടുക്കിയില്‍ 55 ശതമാനവും.
ഇരു ജില്ലകളുടെയും പാരിസ്ഥിതികമായ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുന്നതാണ് മഴയുടെ ഈ ഭീമമായ കുറവ്. കാസര്‍കോട് 51 ശതമാനം കുറവ് മഴയാണ് ലഭിച്ചത് .
തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ കാലവര്‍ഷം സാധാരണ നിലയിലാണ്. 15 ശതമാനത്തിന്റെ കുറവു മാത്രമാണുണ്ടായത്. 37 വര്‍ഷം മുന്‍പ് 1983ല്‍ 322.8 മില്ലിമീറ്റര്‍ മഴ ആയിരുന്നു കേരളത്തിന് ലഭിച്ചത്.
2013 ജൂണിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ആ മാസം 1042.7 മില്ലിമീറ്റര്‍ പെയ്ത് കേരളത്തെ ജലസമൃദ്ധമാക്കി.
രാജ്യത്താകമാനം ഇത്തവണ 33 ശതമാനം ആണ് ജൂണ്‍ മാസത്തില്‍ കാലവര്‍ഷത്തില്‍ കുറവ് ഉണ്ടായത്. രാജ്യത്തെ ആകെയുള്ള 7 കേന്ദ്രഭരണ പ്രദേശം ഉള്‍പ്പെടെയുള്ള 36 സംസഥാനങ്ങളില്‍ 24ലും ഇപ്പോള്‍ വരള്‍ച്ചയാണ്.
നേരത്തെ ജൂണ്‍ മാസം പിറക്കുമ്പോഴേക്കും മഴയുടെ വരവായിരുന്നു. എന്നാല്‍ കാലവര്‍ഷത്തിന്റെ താളം തെറ്റിയതോടെ ഇതൊക്കെ പഴയ ഓര്‍മകളായി മാറുകയാണ്. ഇത്തവണ വേനല്‍മഴ ലഭിക്കാതായതോടെ സംസ്ഥാനത്ത് കടുത്ത തോതില്‍ കുടിവെള്ളക്ഷാമമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."