ഹാജിമാരെ സ്വീകരിക്കാന്‍ മദീന ഒരുങ്ങി
ജിദ്ദ: വിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകരുടെ ആദ്യ സംഘങ്ങള്‍ മദീനയില്‍ വിമാനമിറങ്ങാനിരിക്കേ, അല്ലാഹുവിന്റെ അതിഥികളെ വരവേല്‍ക്കാന്‍ മസ്ജിദുന്നബവിയും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. മദീനയില്‍ മുഹമ്മദ് നബി അന്തിയുറങ്ങുന്ന റൗദ സന്ദര്‍ശിക്കലും പ്രവാചകരോട് സലാം ചൊല്ലലും ഭാഷ, വേഷ, ദേശ, ഗോത്രങ്ങള്‍ക്കതീതമായി ഒരേ മന്ത്രങ്ങള്‍ ഉരുവിട്ട്, ഒരേ ലക്ഷ്യവുമായി മക്കയിലേക്ക് നീങ്ങുന്ന വിശ്വാസികളുടെ ലക്ഷ്യങ്ങളിലൊന്നാണ്.
മദീന സന്ദര്‍ശനത്തിനെത്തുന്ന ഹാജിമാരുടെ സൗകര്യങ്ങള്‍ക്കായി സഊദി ഭരണകൂടം എല്ലാ വര്‍ഷവും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. 12 ലക്ഷത്തിലധികം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മസ്ജിദുന്നബവിയില്‍ 39 തോളം പുറം ഗെയിറ്റുകളും പള്ളിയിലേക്ക് പ്രവേശിക്കാന്‍ 41 വാതിലുകളുമുണ്ട്. 12 മുതല്‍ 18 വരെയുള്ള വാതിലുകളും 24 മുതല്‍ 32 വരെയുള്ള വാതിലുകളും സ്ത്രീകള്‍ക്ക് മാത്രം പ്രവേശിക്കാന്‍ നിശ്ചയിച്ചതാണ്. സ്ത്രീകള്‍ക്ക് റൗദ ശരീഫിലേക്കുള്ള പ്രവേശന സമയം രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം ആരംഭിച്ച് സുബ്ഹി നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരെയും സുബ്ഹി നമസ്‌കാരത്തിന് ശേഷം ആരംഭിച്ച് ളുഹര്‍ നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രവേശനമുള്ള 25, 26 നമ്പര്‍ വാതിലിലൂടെയാണ് റൗദയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കേണ്ടത്. പുരുഷന്മാര്‍ക്ക് 24 മണിക്കൂറും റൗദാ ശരീഫിലേക്കെത്താനുള്ള സൗകര്യമുണ്ട്.
മസ്ജിദുന്നബവിയുടെ വിശാലമായ തിരുമുറ്റത്ത് ചൂട് കാലാവസ്ഥയെ പ്രതിരോധിക്കാന്‍ പ്രാപ്തമായ 180 ഓളം വലിയ കുടകളും ഓരോ തൂണിന് മുകളിലുമായി വാട്ടര്‍ ഫാനുകളും ഘടിപ്പിച്ചിട്ടുണ്ട്.
മസ്ജിദുന്നബവിയിലെത്തുന്ന അസുഖ ബാധിതരായ ഹാജിമാരുടെ പരിചരണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ സൗദി റെഡ് ക്രോസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ വിഭാഗവും 34 ാം നമ്പര്‍ ഗെയിറ്റിനോട് ചേര്‍ന്നുള്ള ഡിസ്‌പെന്‍സറിയും അത്യാഹിത വിഭാഗങ്ങളടക്കം സജ്ജീകരിച്ച അഞ്ചാം ഗെയിറ്റിനോട് ചേര്‍ന്നുള്ള അല്‍ ഷാഫിഹ് ക്ലിനിക്കും സജ്ജമാക്കിയിരിക്കുന്നു. കൂടാതെ നടക്കാന്‍ ബുദ്ധിമുട്ടുള്ള ഹാജിമാര്‍ക്ക് അവരുടെ രേഖകള്‍ നല്‍കിയാല്‍ 27 ാം ഗെയിറ്റിനോട് ചേര്‍ന്നുള്ള കൗണ്ടറില്‍ നിന്ന് വീല്‍ ചെയര്‍ ലഭ്യമാകും. മസ്ജിദുന്നബവിയില്‍ കുട്ടികളെ നഷ്ടപ്പെട്ടാല്‍ കണ്ടെടുത്ത് നല്‍കുവാനുള്ള ചില്‍ഡ്രന്‍സ് ലോസിംഗ് കൗണ്ടറും 34 ാം കവാടത്തിന് സമീപത്തായി സജ്ജീകരിച്ചിട്ടുണ്ട്. ഹാജിമാരുടെ വില പിടിച്ച സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ പരാതി സ്വീകരിക്കുന്ന കൗണ്ടര്‍ ഒന്നാം നമ്പര്‍ ഗെയിറ്റില്‍നിന്ന് പുറത്തേക്കിറങ്ങുന്ന ഭാഗത്ത് ക്രമീകരിച്ചിട്ടുണ്ട്. വഴി തെറ്റിയ ഹാജിമാരെ സഹായിക്കുന്നതിന് 21 ാം നമ്പര്‍ ഗെയിറ്റിന് സമീപവും ഒന്നാം നമ്പര്‍ ബാത്ത് റൂമിന്റെ സമീപത്തും ഇന്‍ഫര്‍മേഷന്‍ സെന്ററുകളും ഹറമിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ ഭാഷകളിലായി നിര്‍ദേശങ്ങള്‍ നല്‍കുന്ന അത്യാധുനിക സൈന്‍ ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്. മസ്ജിദുന്നബവിയുടെ മുറ്റത്ത് വിവിധ ഭാഗങ്ങളിലായി ആറോളം ലഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങളും മസ്ജിദുന്നബവി കാര്യാലയം സംവിധാനിച്ചിട്ടുണ്ട്. അഞ്ചാം നമ്പര്‍ ഗെയിറ്റിന് പുറത്തായി ക്രമീകരിച്ച പഴയ ഖുര്‍ആന്‍ കൈയെഴുത്തു പ്രതികളും ആധുനിക രീതിയില്‍ സജ്ജീകരിച്ച ഖുര്‍ആന്‍ പഠന സംവിധാനങ്ങളടക്കകമുള്ള ഹോളി ഖുര്‍ആന്‍ എക്‌സിബിഷനും മദീനയിലെത്തുന്ന വിശ്വാസികള്‍ക്ക് പഠിക്കുവാനും പകര്‍ത്തുവാനും സഹായകമാകും. ഹറമിന്റെ വിശാലമായ മുറ്റത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് ഹാജിമാരെ എത്തിക്കുവാന്‍ ഗോള്‍ഫ് കാര്‍ സേവനവും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."