ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് ഇന്ന് സഊദി രാജാവ് രാഷ്ട്രത്തിനു സമര്‍പ്പിക്കും
റിയാദ്: പുണ്യ ഭൂമിയിലെത്തുന്ന ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ ലക്ഷ്യമാക്കി പൂര്‍ത്തിയാക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവാണ് ഉദ്ഘാടനകര്‍മം നിര്‍വഹിക്കുക. ഹറമൈന്‍ പദ്ധതി നടപ്പാക്കുന്ന അല്‍ ശുഅല കണ്‍സോര്‍ഷ്യം നേരത്തെ തന്നെ ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. തുടക്കത്തില്‍ ഈ വര്‍ഷം അവസാനം വരെ എട്ടു സര്‍വീസുകളാണ് ഉണ്ടാവുകയെങ്കിലും പിന്നീട് അത് വിപുലപ്പെടുത്തി അടുത്ത വര്‍ഷം അത് പന്ത്രണ്ടായി വര്‍ധിപ്പിക്കും. പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാന്‍ സജ്ജമായിരിക്കയാണ് ഹറമൈന്‍ പാതയും ട്രെയിനുകളും.
മക്ക, മദീന, റാബിഗ് എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനകളിലെ ഫര്‍ണിഷിംഗ് ജോലികളും പൂര്‍ത്തിയായി. ജിദ്ദ സ്റ്റേഷന്‍ അവസാന മിനുക്ക് പണികളിലാണ്. ജിദ്ദയില്‍ സുലൈമാനിയയിലെ സ്റ്റേഷന് പുറമെ ജിദ്ദ വിമാനത്താവളത്തിലും സ്‌റ്റേഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ കാലങ്ങളില്‍ ഇവിടെ വിമാനമിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ സുഖമായി മക്കയില്‍ എത്തിച്ചേരാനാകും. ഹജ്, ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് സഊദി അറേബ്യ നടത്തുന്ന ശ്രമങ്ങളാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതി ഉദ്ഘാടനം പ്രതിഫലിപ്പിക്കുന്നതെന്ന് ഉദ്ഘാടന വിവരം വ്യക്തമാക്കി ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ആമൂദി പറഞ്ഞു
മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ ഹറമൈന്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു. ആദ്യരണ്ടു മാസം പകുതി ചാര്‍ജാണ് ഈടാക്കുന്നത്. ഇത് പ്രകാരം മക്കയില്‍ നിന്ന് മദീനയിലേക്ക് 75 റിയാലാണ് ഇക്കോണമി ക്ലാസിലെ നിരക്ക്. മണിക്കൂറില്‍ മുന്നൂറു കിലോമീറ്ററര്‍ വേഗതയുള്ള 35 ട്രെയിനുകളായിരിക്കും ഈ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുക. ടിക്കറ്റുകളുടെ വിതരണം ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍ പ്രോജക്ട് വെബ് സൈറ്റ് വഴിയുമുണ്ടാകും. ട്രെയിന്‍ സര്‍വ്വീസ് യാഥാര്‍ഥ്യമാകുന്നതോടെ മക്ക മദീന പുണ്യ നാഗരികള്‍ക്കിടയിലെ അഞ്ഞൂറോളം കിലോമീറ്റര്‍ ചുരുങ്ങിയ രണ്ടു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിലവില്‍ ഹാജിമാരടക്കമുള്ള യാത്രക്കാര്‍ മക്കയില്‍ നിന്നും മദീനയിലേക്കും തിരിച്ചും ബസ് മാര്‍ഗ്ഗമാണ് യാത്ര ചെയ്യുന്നത്. തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ ബസ് യാത്രാസമയം ഏഴു മണിക്കൂറിലധികം വരെ നീളാറുണ്ട്.
ഉദ്ഘാടന പരിപാടിയില്‍ അമീറുമാര്‍, മന്ത്രിമാര്‍, ദേശീയ അന്തര്‍ദേശീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍, നിക്ഷേപകര്‍, പദ്ധതി നടപ്പിലാക്കിയ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."