സ്വയംപര്യാപ്ത സ്മാര്‍ട്ട്‌വില്ലേജ് പദ്ധതിയുമായി വിദ്യാര്‍ഥിനി
ഷൊര്‍ണ്ണൂര്‍: എല്ലാ അര്‍ഥത്തിലും സ്വയംപര്യാപ്തമായ സ്മാര്‍ട്ട് വില്ലേജ് പ്രോജക്ടുമായി കുളപ്പുള്ളി അല്‍അമീന്‍ എന്‍ജിനീയറിങ് കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി വി. സ്വര്‍ണദാസ്. മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട് അവാര്‍ഡ് കരസ്ഥമാക്കിയ തന്റെ പ്രൊജക്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ് സ്വര്‍ണ്ണ. നാടിന്റെ സുസ്ഥിര വികസനത്തിന് വിഭവാസൂത്രണവും മാനെജ്‌മെന്റും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്നതാണ് തന്റെ പ്രൊജക്ടിലൂടെ അവതരിപ്പിക്കുന്നതെന്ന് സ്വര്‍ണ പറയുന്നു. കേന്ദ്രീകൃത വിഭവ നിയന്ത്രണ പദ്ധതികള്‍ വഴി ജലക്ഷാമം കുറയ്ക്കല്‍, സുസ്ഥിര ഊര്‍ജ്ജ ഉല്‍പ്പാദനത്തിനായുള്ള നിര്‍ദേശങ്ങള്‍, പുനര്‍ചംക്രമണത്തിന് സാധിക്കുന്ന ഊര്‍ജ്ജ സ്രോതസുകളെ ഉപയോഗപ്പെടുത്തല്‍ എന്നിവയാണ് സ്വര്‍ണയുടെ പദ്ധതി. ആദ്യഘട്ടത്തില്‍ മഴവെള്ള സംഭരണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതി രണ്ടാംഘട്ടില്‍ വീടുകളില്‍ നിന്നും മഴവെള്ളം സംഭരിച്ച് പായ്ക്ക് ചെയത് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതുവരെ പദ്ധതി നിര്‍ദേശങ്ങളില്‍ പെടുന്നു.
ഒരു ഹെക്ടറില്‍ മൂന്നു ദശലക്ഷം മില്ലി ലിറ്റര്‍ വഴവെള്ളം കേരളത്തില്‍ ലഭിക്കുന്നുണ്ട്. ഏകദേശം ഇരുപതുവീടുകളില്‍ നിന്നും ലഭിക്കുന്ന മഴവെള്ളം ശേഖരിച്ച് കയറ്റുമതി ചെയ്താല്‍ പ്രതിവര്‍ഷം ആറര ലക്ഷത്തോളം രൂപയുടെ വരുമാനമാണ് ഇത്തരത്തില്‍ ലഭിക്കുക.
ഗ്രാമങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ഉല്‍പ്പാദന മേഖലയിലുള്ളവരുടെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കിടയറ്റതാക്കുന്നതിനാണ് പദ്ധതിയിലെ മറ്റൊരു മാര്‍ഗരേഖയുള്ളത്. ഇതിനായി ഉത്പാദകര്‍ക്ക് പരിശീലനങ്ങളും പ്രോത്സാഹനവും നല്കുന്നതിനും നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
തന്റെ ആശയം പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി വകുപ്പ് മന്ത്രിയുടെ ക്ഷണം പ്രതീക്ഷിച്ചിരിക്കുകയാണ് കോഴിക്കോട്ടുകാരിയായ ഈ യുവ എന്‍ജിനീയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."