കരുത്തുകൂട്ടാന്‍ യു.ഡി.എഫ്; കൂട്ടിക്കുറച്ച് എല്‍.ഡി.എഫ്
രണ്ടു വര്‍ഷം തുടര്‍ച്ചയായി മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം നേടാന്‍ കഴിഞ്ഞ ഭരണസമിതിയാണ് എറണാകുളത്തേത്. എല്‍.ഡി.എഫ് ഡിവിഷനുകളില്‍ പോലും പദ്ധതികള്‍ നടപ്പിലാക്കി കൈയടി നേടാനായി ഈ യു.ഡി.എഫ് ഭരണസമിതിയ്ക്ക്. അതിനാല്‍ ഉരുക്കുകോട്ടയില്‍ വിജയമാവര്‍ത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നേറുകയാണ് യു.ഡി.എഫ്. എന്നാല്‍ ഇക്കുറി ജില്ലാ പഞ്ചായത്തിനെ ഇടത്തോട്ട് ചായ്ക്കാനാകുമോയെന്ന തന്ത്രങ്ങള്‍ അരങ്ങിലും അണിയറയിലും പയറ്റാനൊരുങ്ങുകയാണ് എല്‍.ഡി.എഫും. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പ്രതിസന്ധികള്‍ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാതിരിക്കാനുള്ള കണക്കു കൂട്ടലുകളിലാണ് മുന്നണികള്‍. സാധാരണ യു.ഡി.എഫിനെ മാത്രം ബാധിക്കുന്ന റിബല്‍ ശല്യം ഇക്കുറി എല്‍.ഡി.എഫിനെയും വെട്ടിലാക്കുന്നുണ്ട്.
യു.ഡി.എഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗവും എല്‍.ജെ.ഡിയും തങ്ങള്‍ക്കൊപ്പമെത്തിയത് കരുത്തു പകരുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. എന്നാല്‍ സീറ്റ് വിഭജനത്തിലുള്‍പ്പെടെ വലിയ തലവേദനകളൊഴിവായത് തങ്ങളുടെ പ്രചാരണത്തിന് ഏറെ ഗുണകരമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍.
ഭരണ പ്രതീക്ഷയില്ലെങ്കിലും പ്രബല മുന്നണികളുടെ വിജയപരാജയങ്ങളില്‍ തങ്ങളുടെ പങ്ക് വഹിക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയും എസ്.ഡി.പി.ഐ, പി.ഡി.പി പോലുള്ള പാര്‍ട്ടികളും. വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് കൊവിഡ് ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധിയും തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചേക്കും. കൂടാതെ എല്‍.ഡി.എഫിനെതിരേ ഉയര്‍ന്ന സ്വര്‍ണക്കടത്തും ലൈഫ് മിഷനുമുള്‍പ്പെടെയുളള രാഷ്ട്രീയ ആരോപണങ്ങള്‍ യു.ഡി.എഫിന് തുണയാകും. മാലിന്യസംസ്‌കരണവും വെള്ളക്കെട്ടും ഗതാഗതകുരുക്കുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും പ്രാദേശിക വിഷയങ്ങളും മലങ്കര സഭയിലെ പള്ളിത്തര്‍ക്കവും തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് നിര്‍ണായകമാകും. ഇതില്‍ യാക്കോബായ വിഭാഗത്തിന്റെ സ്വാധീന മേഖലകളില്‍ ഇത്തവണ ആര് നേട്ടം കൊയ്യുമെന്നത് ഇനിയും വ്യക്തമല്ല.2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും നേടിയ വന്‍ വിജയമാണ് യു.ഡി.എഫിനെ കണക്കുകളില്‍ കരുത്തരാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."