മെഡി. കോളജ് ആശുപത്രിയില്‍ കാന്‍സര്‍ മരുന്നുകള്‍ കിട്ടാനില്ല; രോഗികളെ കാര്‍ന്നുതിന്ന് സ്വകാര്യ കമ്പനികള്‍
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ മരുന്നുകള്‍ ലഭിക്കാനില്ലാത്തത് രോഗികള്‍ക്ക് ഇരുട്ടടിയാകുന്നു. സ്വകാര്യ മരുന്നുകമ്പനികളെ സഹായിക്കാനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സര്‍ മരുന്നുകള്‍ക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായാണ് ആക്ഷേപം.
കുറഞ്ഞ വിലക്കോ സൗജന്യമായോ മെഡിക്കല്‍ കോളജ് ഫാര്‍മസി വഴിയോ കാരുണ്യ ഫാര്‍മസിയിലൂടെയോ രോഗികള്‍ക്ക് ലഭിക്കേണ്ട വിലകൂടിയ മരുന്നുകളാണ് സ്റ്റോക്കില്ലാത്തത്. കാന്‍സര്‍ വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ കുറിപ്പടിയുമായി ആശുപത്രി ഫാര്‍മസിയിലും ന്യായവില മെഡിക്കല്‍ ഷോപ്പിലും കാരുണ്യ ഫാര്‍മസിയിലും വരിനിന്ന് ഊഴമെത്തുമ്പോള്‍ ഈ മരുന്ന് ഇല്ലെന്ന മറുപടിയാണു ലഭിക്കുന്നത്. മരുന്ന് സ്റ്റോക്കുണ്ടോ ഇല്ലയോ എന്നറിഞ്ഞ ശേഷം വരിനില്‍ക്കാവുന്ന സംവിധാനവും ഇവിടെയില്ല. സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങളെല്ലാം കുറിപ്പടി മടക്കുമ്പോള്‍ അവസാന ആശ്രയം സ്വകാര്യ സ്ഥാപനങ്ങള്‍ തന്നെ.
എല്ലാതരം മരുന്നുകളും സ്വകാര്യമരുന്ന് കടകളില്‍ സുലഭമാണ്. പക്ഷേ തീ വില നല്‍കണമെന്നു മാത്രം. കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയും മരുന്നും സൗജന്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കാന്‍സറിനെപ്പോലെ തന്നെ മരുന്നുകമ്പനികളും രോഗിയെയും കുടുംബത്തെയും കാര്‍ന്നു തിന്നുകയാണ്. കീമോ തെറാപ്പി ചെയ്യാന്‍ ശാരീരിക ക്ഷമതയില്ലാത്ത രോഗികള്‍ക്ക് കീമോ ഇഞ്ചക്ഷനു പകരം നല്‍കുന്ന ടാബ്‌ലെറ്റ് ഡെസാറ്റിനിബിന് (Dasatinib) സ്വകാര്യ മേഖലയില്‍ വില അരലക്ഷം രൂപയില്‍ കൂടുതലാണ്.
മാസത്തിലൊരു തവണ ഇത്തരം ടാബ്‌ലെറ്റ് കഴിക്കുന്ന രോഗികള്‍ നിരവധിയാണ്. ഇവിടെ ലഭ്യമല്ലാത്തതിനാല്‍ മാസംതോറും മുംബൈയില്‍ നിന്ന് വരുത്തിച്ചാണു പലരും ഈ ടാബ്‌ലെറ്റ് കഴിക്കുന്നത്.
രക്താര്‍ബുദ രോഗികള്‍ക്കുള്ള കീമോ ചെയ്യാന്‍ ഉപയോഗിക്കുന്ന മരുന്നായ ബോര്‍ട്ടെ സോമിബ് (Borte zomib) മെഡിക്കല്‍ കോളജില്‍ രോഗിക്ക് സൗജന്യമായി നല്‍കിവരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഈ മരുന്ന് സ്വകാര്യ മരുന്നുകടകളില്‍ മാത്രമേ ലഭിക്കുകയുള്ളൂ. ചില സമയങ്ങളില്‍ മാത്രം കാരുണ്യ ഫാര്‍മസിയില്‍ ഇഞ്ചക്ഷന്‍ മരുന്ന് ലഭിക്കും. ഇതിനു കാരുണ്യയില്‍ 1,350 രൂപ വില വരുമ്പോള്‍ സ്വകാര്യസ്ഥാപനത്തില്‍ 2,000-2,500 രൂപവരെ ഈടാക്കുന്നുണ്ട്. ആഴ്ചതോറും കീമോ ചെയ്യേണ്ട രോഗികള്‍ മരുന്ന് വാങ്ങി പ്രയാസപ്പെടുന്ന അവസ്ഥയിലാണ്.
മജ്ജയിലെ കാന്‍സറിനു കീമോക്ക് ശേഷം നല്‍കേണ്ട കാപ്‌സ്യുളായ ലെനാന്‍ജിയോ (Lenangio 10 mg-) സ്വകാര്യകടകള്‍ 1,750 രൂപയ്ക്കാണു വില്‍പന നടത്തുന്നത്. ഈ മരുന്നും സര്‍ക്കാര്‍ സ്ഥാപങ്ങള്‍ വിതരണം ചെയ്യുന്നില്ല. സ്വകാര്യകമ്പനികള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മരുന്നുകളിലൊന്നാണിത്. ചില സമയങ്ങളില്‍ കാരുണ്യ ഫാര്‍മസി വഴി 750 രൂപയ്ക്ക് ഈ മരുന്ന് വില്‍ക്കാറുണ്ട്.
കീമോ തെറാപ്പിക്കു ശേഷം ഉണ്ടായേക്കാവുന്ന ഹാര്‍ട്ട് ബീറ്റ്, തൊലിപ്പുറത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍, ശ്വസന പ്രശ്‌നങ്ങള്‍ എന്നീ പാര്‍ശ്വ ഫലങ്ങളെ പ്രതിരോധിക്കുന്ന ഡെക് മാക്‌സ് (Decmax 40 mg), കാന്‍സര്‍ രോഗികളുടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ ഗുളികകളായ ഷെയ്ന്‍ കാള്‍, സുപ്രഡിന്‍ പോലുള്ള മരുന്നുകള്‍ പോലും രോഗികള്‍ക്ക് സൗജന്യമായോ സര്‍ക്കാര്‍ ഫാര്‍മസിയില്‍ നിന്ന് വിലക്കുറവിലോ ലഭിക്കുന്നില്ല. 600ലധികം മരുന്നുകള്‍ വിലക്കുറവില്‍ ലഭിക്കുമെന്ന് പറയുന്ന ജന്‍ ഔഷധിയിലും ഇത്തരം മരുന്നുകള്‍ ലഭ്യമല്ല. കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇതുപോലെയുള്ള നിരവധി മരുന്നുകളും സ്വകാര്യ മരുന്നുകടകളില്‍ നിന്നാണ് രോഗികള്‍ വാങ്ങുന്നത്.
അതേസമയം ഭീമന്‍ വിലയുള്ള കാന്‍സര്‍ മരുന്നുകള്‍ വാങ്ങി ചികിത്സ നടത്താനാവാത്ത സ്ഥിതിയിലാണ് പല രോഗികളും. ഭൂരിഭാഗം കാന്‍സര്‍ മരുന്നുകളും വില നിയന്ത്രണ പട്ടികയ്ക്ക് പുറത്തായതിനാല്‍ കാന്‍സര്‍ മരുന്നുകള്‍ക്ക് തോന്നിയപോലെ വില കൂട്ടി വില്‍ക്കുകയാണ് മരുന്നുകമ്പനികള്‍. ഉല്‍പാദനച്ചെലവിന്റെ നിരവധി മടങ്ങ് അധികം വിലകൂട്ടിയാണ് രോഗിയുടെ കൈയില്‍ മരുന്നെത്തുന്നത്.
പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കായി അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ചികിത്സ പോലും ലഭിക്കാതെ രോഗികള്‍ പ്രയാസപ്പെടുന്ന അവസ്ഥ വരും. സര്‍ക്കാരിന്റെ അലംഭാവം തുണയാകുന്നത് സ്വകാര്യ കമ്പനികള്‍ക്കാണെന്നതും ഗൗരവത്തോടെ കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."