പൊലിസിന് ജുഡിഷ്യല്‍ അധികാരം നല്‍കുന്നതിനെതിരേ വി.എസ്
തിരുവനന്തപുരം: പൊലിസിന് ജുഡിഷ്യല്‍ അധികാരം നല്‍കുന്നതിനെതിരേ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പൊലിസിനെതിരേയുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്ന് നിയമസഭയില്‍ ഇന്നലെ നടന്ന ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ വി.എസ് പറഞ്ഞു.
പൊലിസിന് ജുഡിഷ്യല്‍ അധികാരം നല്‍കിയാല്‍ എന്തൊക്കെ ദുര്യോഗങ്ങളാണ് സംഭവിക്കുകയെന്ന സൂചനയിലേക്ക് കണ്ണുതുറക്കാന്‍ ചില സംഭവങ്ങള്‍ നിമിത്തമായി.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടിയെടുക്കണമെന്നും നെടുങ്കണ്ടം ഉരുട്ടിക്കൊലയെ പരോക്ഷമായി പരാമര്‍ശിച്ച് വി.എസ് പറഞ്ഞു. പൊലിസിന് ജുഡിഷ്യല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. അത് നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും വി.എസ് പറഞ്ഞു.
ആന്തൂരില്‍ പ്രവാസി മലയാളി ആത്മഹത്യചെയ്ത സംഭവത്തിലുള്ള അനിഷ്ടവും വി.എസ് സൂചിപ്പിച്ചു. ഭരണനേട്ടങ്ങളുടെ അവകാശികളായിരിക്കുമ്പോഴും പിഴവുകളുടെയും കോട്ടങ്ങളുടെയും ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടങ്ങള്‍ക്ക് ഒഴിയാനാകില്ല. ചില കാര്യങ്ങളില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. പിഴവുകള്‍ക്ക് ഉത്തരവാദികളായവരെ ശിക്ഷിച്ചിട്ടുമുണ്ട്. അത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണമെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."